Idukki local

മറയൂര്‍ മലനിരകളിലെ മഴയില്‍ അമരാവതി ഡാം തുറന്നു



മറയൂര്‍: മരയൂര്‍ മലനിരകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അമരാവതി ഡാം നിറഞ്ഞു. കേരളത്തില്‍ മഴ പെയ്യുമ്പോഴാണ് സഹ്യപര്‍വ്വതത്തിന്റെ കിഴക്കന്‍ ചരിവിലുള്ള തമിഴ്‌നാട്ടിലെ അമരാവതി ഡാം നിറയുന്നത്. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഒന്നായ പാമ്പാറിലെ വെള്ളം എത്തിച്ചേരുന്നത് തമിഴ്‌നാട്ടിലെ അമരാവതി ഡാമിലാണ്. രാജമല, കുമരിക്കല്‍ മല, നാഗമല എന്നിവടങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന പാമ്പാര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വച്ച്  ചിന്നാര്‍ നദിയുമായി സംഗമിച്ച് കൂട്ടാര്‍ എന്ന പേരിലാണ് തമിഴ്‌നാട്ടിലെ അമരാവതി ഡാമില്‍ എത്തിച്ചേരുന്നത്. അമരാവതി ഡാമിന്റെ കാച്ച്‌മെന്റ് ഏരിയയായ പൊങ്ങനോട വരെയുള്ള ഭാഗങ്ങളില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഡാം തിരുപ്പൂര്‍ ജില്ലയിലെ കാര്‍ഷിക മേഖലയിലേക്ക് തുറന്നുവിട്ടത്. അമരാവതിയാറ്റിലെ വെള്ളം ഉപയോഗിച്ചാണ് തിരുപ്പൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നത്. കൊഴുമം, മടത്തിക്കുളം, കുമരലിംഗം, ഉദുമലപേട്ട, ഉള്‍പ്പെടെ 55,000 ഏക്കറില്‍ അമരാവതി വെള്ളം ഉപയോഗിച്ച്, കരിമ്പ്, ചോളം, മല്ലി, തക്കാളി, കത്തിരി ഉള്‍പ്പെടയുള്ള പ്രധാന കൃഷികള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ശരാശരി മഴപോലും ലഭിക്കാത്ത തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് മറയൂര്‍ മലനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ഗുണകരമായിരിക്കുന്നത്.
Next Story

RELATED STORIES

Share it