മറഞ്ഞത് കാവാലത്തിന്റെ സ്വന്തം കലാകാരന്‍

എന്‍ എ ഷിഹാബ്

ആലപ്പുഴ: ജീവിതത്തില്‍ ഏറിയപങ്കും കുട്ടനാടിന് വെളിയില്‍ കഴിഞ്ഞിട്ടും കാവാലത്തുകാര്‍ക്ക് നാരായണപ്പണിക്കര്‍ തങ്ങളുടെ പ്രിയപ്പെട്ട നാരായണന്‍കുഞ്ഞാശാനാണ്. ലോകത്തിന് മുമ്പില്‍ കാവാലം എന്ന ഗ്രാമത്തെ എത്തിച്ചത് അദ്ദേഹമായിരുന്നു.
ആലപ്പുഴയിലെ സാധാരണക്കാരുടെ ഇടയില്‍പോലും ഒരു ഭാവവുമില്ലാതെ കടന്നുവന്നിരുന്ന കാവാലത്തിന്റെ വിയോഗം കുട്ടനാടിന്റെ കലാസംസ്‌കൃതിക്കും തീരാനഷ്ടമാണ്. ആറുമാസം മുമ്പാണ് അദ്ദേഹം അവസാനമായി എത്തിയത്. കാവാലത്ത് കുട്ടികള്‍ക്കു വേണ്ടി ഒരു തിയേറ്റര്‍ എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. എല്ലാവര്‍ഷവും നടക്കുന്ന കുരുന്നുകൂട്ടത്തിലൂടെ ഇത് സാധ്യമാവുമെന്ന് അദ്ദേഹം കരുതി. കഴിഞ്ഞ ഏപ്രിലില്‍ അതിനായി വരാന്‍ കഴിയാതിരുന്നതു കൊണ്ട് ഫോണില്‍ വിളിച്ചാണ് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
നാട്ടിലെ കലാകാരന്മാരോടും നല്ല ചങ്ങാത്തത്തിലായിരുന്നു അദ്ദേഹം. ഗ്രാമീണ കലാകാരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. അസുഖം ബാധിക്കുന്നതിനുമുമ്പ് പുതിയ നാടകത്തിന്റെ ചിട്ടവട്ടങ്ങള്‍ തയ്യാറാക്കാന്‍ മഞ്ജുവാര്യരുമൊത്ത് നാരായണപ്പണിക്കര്‍ കാവാലത്ത് എത്തിയിരുന്നു.
Next Story

RELATED STORIES

Share it