Movies

മറഞ്ഞത് അഭ്രപാളിയിലെ അതുല്യനടന്‍

മറഞ്ഞത് അഭ്രപാളിയിലെ അതുല്യനടന്‍
X
kollam-g-k-pillai





സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറില്‍ നിന്ന് വെള്ളിത്തിരയില്‍ ഹാസ്യതാരമായി ഉയര്‍ന്നയാളാണ് ഇന്നലെ അന്തരിച്ച കൊല്ലം ജി കെ പിള്ള. കൊല്ലം യൂനിവേഴ്‌സല്‍ തീയേറ്ററിലൂടെയാണ് നാടകരംഗത്ത് എത്തിയത്. തുടര്‍ന്ന് സിനിയിലും സീരിയലിലും സജീവമായി. 1972 മാസപ്പടി മാതുപിള്ള എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ഇദ്ദേഹം അഭ്രപാളികളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരു കാലത്ത് പ്രേക്ഷക മനസുകളില്‍ നിറ സാന്നിധ്യമായിരുന്നു.
ഇദ്ദേഹം വേഷമിട്ട മുക്കുവനെ സ്‌നേഹിച്ച ഭൂതവും മൈഡിയര്‍ കുട്ടിച്ചാത്തനുമെല്ലാം ഇന്നും പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിച്ച സിനിമകളാണ്. ഏഴുമുതല്‍ ഒമ്പതുവരെ, ഒന്നാം പ്രതി ഒളിവില്‍ , ഉരുക്കു മനുഷ്യന്‍ തുടങ്ങി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൊല്ലം അമ്മച്ചിവീട് രാധാഭവനത്തില്‍ കെ പി ഗോപാലപിള്ളയുടേയും കുഞ്ഞിയമ്മയുടേയും മകനായി 1934 ആഗസ്ത് 29നായിരുന്നു ജനനം. കൊല്ലം ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1950ല്‍ അരിവാള്‍ എന്ന ഏകാംഗ നാടകത്തില്‍ അഭിനയിച്ചായിരുന്നു കലാരഗത്തേക്കുള്ള അരങ്ങേറ്റം. 1961ല്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായി ജോലിയില്‍ പ്രവേശിപ്പിച്ചു. 1963മുതല്‍ പ്രഫഷനല്‍ നാടകരംഗത്ത് സജീവമായി. നീതിപീഠം, രാജദൂത്, സര്‍പ്പസത്രം, കുഞ്ഞാലിമരയ്ക്കാര്‍, മഹാലക്ഷ്മി, അശോക ചക്രം, റെഡ്‌സിഗ്നല്‍ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തോളം നാടക അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 1989ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഒന്നാം ഗ്രേഡ് ഇന്‍സ്‌പെക്ടറായി വിരമിച്ച ശേഷവും അഭിനയരംഹത്ത് ഇദ്ദേഹം തുടര്‍ന്നു.
നാലുവര്‍ഷം മുമ്പ് കാഴ്ച നഷ്ടമായി. അതോടെ അഭിനയ ജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. തന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള അകല്‍ച്ച അദ്ദേഹത്തെ മാനസികമായി മാത്രമല്ല ശാരീരികമായും തളര്‍ത്തിയിരുന്നു. അഭിനയരംഗത്ത് നിന്ന് അകന്ന് നില്‍ക്കേണ്ടി വന്നതോടെ വരുമാനം നിലയ്ക്കുകയും ഇത് തുടര്‍ ചികില്‍സയ്ക്കുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്ന്് ഇന്നസെന്റും ഇടവേള ബാബുവും ഇടപെട്ട് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഒരു വര്‍ഷം മുമ്പ് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അദ്ദേഹത്തെ വീ്ട്ടിലെത്തി സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ചവറ പന്മന മേക്കാട് നികുഞ്ചത്തില്‍ നിന്ന് കുറച്ചുനാള്‍ മുമ്പാണ് രണ്ടാമത്തെ മകള്‍ ഉഷാകുമാരിയുടെ ഓയൂരിലുള്ള വീട്ടിലേക്ക് താമസം മാറിയത്. രാത്രി വൈകി മൃതദേഹം ചവറയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം മുളങ്കാടകം ശ്മശാനത്തില്‍ പിന്നീട് നടക്കും.
Next Story

RELATED STORIES

Share it