ernakulam local

മര മുത്തശ്ശിന്മാരെ ആദരിച്ചു

മരട്: ലോകാസമസ്ത സുഖിനോ ഭവന്തു എന്ന ശാന്തി മന്ത്രമുരുവിട്ട് നൂറിലേറെ വരുന്ന ബാലികാ ബാലന്മാര്‍ നൂറാം വര്‍ഷം ആഘോഷിക്കുന്ന മരട് ഗവ. മാങ്കായില്‍ വിദ്യാലയത്തിലെ പ്രായമേറിയ വൃക്ഷങ്ങളെ പൊന്നാടയണിയിച്ചും പൂമാലചാര്‍ത്തിയും ജലാര്‍പണം നടത്തിയും ആദരിച്ചു.
ഒരു ജീവിതകാലം മുഴുവന്‍ ജന്മമേകിയ മണ്ണിനും വളര്‍ച്ചയില്‍ താങ്ങായ മാനവ വംശത്തിനും ഒരു കുട പോലെ സദാതണലേകുന്ന വൃക്ഷമുത്തശ്ശി തന്റെ ജീവിതത്തിലൂടെ നല്‍കുന്ന പാഠം വളരെ മഹത്തരമാണെന്ന് ഭാഗവതാചാര്യനും ബാലഗോകുലം രക്ഷാധികാരിയുമായ എളങ്കുന്നപ്പുഴ ദാമോദരശര്‍മ അഭിപ്രായപ്പെട്ടു.
സങ്കുചിത ബോധമുയര്‍ത്തുന്ന മഴു വീഴാതെ നാളിതുവരെ മരമുത്തശ്ശിന്മാരെ കാത്തുരക്ഷിച്ച പൂര്‍വികരുടെ പാത പിന്തുടരുകയെന്നത് സാംസ്‌കാരികമായ ഉന്നതിയിലേയ്ക്ക് ഈ നാടിനെ വീണ്ടും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃക്ഷമിത്ര ജനസദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യസന്ദേശം നല്‍കുകയായിരുന്നു ദാമോദരശര്‍മ. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം എ കൃഷ്ണകുമാര്‍, എം നന്ദനന്‍, പ്രഫ. ബാലകൃഷ്ണന്‍, പി എന്‍ ഉദയന്‍, ഗംഗ ടീച്ചര്‍, രാമകൃഷ്ണന്‍, സുബ്രഹ്മണ്യന്‍, ശ്രീവല്‍സന്‍, കെ ബി മധുസൂദനന്‍, രമേശന്‍ എന്നിവര്‍ മുത്തശ്ശി മരങ്ങളെ പൊന്നാട അണിയിച്ചും പൂമാല ചാര്‍ത്തിയും ആദരിച്ചു. മാങ്കായില്‍ വിദ്യാലയ മൈതാനിയില്‍ ചേര്‍ന്ന വൃക്ഷമിത്ര ജനസദസ്സില്‍ പങ്കെടുത്തവര്‍ വൃക്ഷസംരക്ഷണ പ്രഖ്യാപനം ആലേഖനം ചെയ്ത ബാനറില്‍ മുത്തശ്ശിമരത്തിന്റെ തണലില്‍നിന്ന് സ്വന്തം കൈയൊപ്പ് ചാര്‍ത്തി.
ഗോകുലാംഗങ്ങളുടെ നേതൃത്വത്തില്‍ ശാന്തിമന്ത്രം ഉരുവിട്ട് വിദ്യാലയ മൈതാനിയില്‍ നിന്നാരംഭിച്ച വൃക്ഷമിത്രയാത്ര ആലുങ്കല്‍ റോഡിലുടെ മാങ്കായില്‍ വിദ്യാലയത്തിലെത്തി വിദ്യാലയ വളപ്പിലെ രണ്ട് മര മുത്തശ്ശിന്മാരെയും ആദരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബാലഗോകുലം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it