Pathanamthitta local

മര ഉരുപ്പടികളും കള്ളത്തടിയും പിടികൂടി

രാജാക്കാട്: ബൈസണ്‍വാലിക്ക് സമീപം മുട്ടുകാട്ടില്‍ വീട്ടിനുള്ളിലും,പരിസരത്തുമായി അനധികൃതമായി സൂക്ഷിച്ച ഒന്നര ലക്ഷത്തോളം രൂപ മതിപ്പ് വിലയുള്ള മര ഉരുപ്പടികളും കള്ളത്തടിയും വനപാലകര്‍ പിടികൂടി. വീട്ടുടമയ്‌ക്കെതിരെ  കേസ്സെടുത്തു. ഇയാളെ പിടികൂടിയിട്ടില്ല. അമ്പാട്ട് അനിരുദ്ധന്റെ ആളൊഴിഞ്ഞ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അറുത്ത ഉരുപ്പടികളും,മുറ്റത്തുനിന്നും കാട്ടുപഌവിന്റെ കഷണങ്ങളുമാണു ബോഡിമെട്ട് ബീറ്റ് സെക്ഷന്‍ ഫോറസ്റ്റര്‍ കെ.കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ദേവികുളം റെയ്ഞ്ച് ഓഫിസര്‍ നെബുകിരണിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാവിലെ നടത്തിയ റെയ്ഡില്‍ വീടിന്റെ മുറ്റത്തുനിന്നും ഏഴടി വീതം നീളവും,70 ഇഞ്ചോളം വണ്ണവുമുള്ള കാട്ടുപഌവിന്റെ 3 ഉരുളുകള്‍ കണ്ടെടുത്തിരുന്നു. വീട് പൂട്ടിയ നിലയിലായതിനാല്‍ ഉള്ളില്‍ കയറി പരിശോധന നടത്തുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടുടമയുമായി ബന്ധപ്പെടുകയും താക്കോല്‍ വരുത്തിച്ച് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ഉച്ചയോടെയാണു വാതില്‍ തുറന്നത്. ഉള്ളില്‍ അടുക്കി സൂക്ഷിച്ചിരുന്ന തളിരങ്ങളും,കട്ടളക്കാലുകളും,പലകയുംഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറോളം ക്യുബിക്ക് അടി ഉരുപ്പടികള്‍ കണ്ടെടുത്തു.7 മാസമായി ഇവ ഇവിടെ ശേഖരിച്ച് വച്ചിരിക്കുകയായിരുന്നു എന്നാണു വിവരം. കസ്റ്റഡിയിലെടുത്ത ഉരുപ്പടികള്‍ ശാന്തന്‍പാറ ഫോറസ്റ്റ്ഓഫീസിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വനപാലകര്‍ അന്വേഷണമാരംഭിച്ചു. എഫ്.ആര്‍ തയ്യാറാക്കി ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കും. ബീറ്റ് ഫോറസ്റ്റര്‍മാരായ ആര്‍.പ്രകാശ്,എസ്.ഷൈജു, കെ.എസ് അനില്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it