malappuram local

മര്‍ദ്ദിത ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

എം ഖമറുദ്ദീന്‍

പരപ്പനങ്ങാടി:പടിഞ്ഞാറന്‍ കാറ്റിനെ പൊന്‍കിരണമണിയിച്ച അസ്തമയ സൂര്യനെ സാക്ഷിയാക്കി പോപുലര്‍ഫ്രണ്ട് പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച് ന്യൂനപക്ഷ മര്‍ദ്ദിത ജനതയ്ക്ക് ആത്മവിശ്വാസം പകരുന്നതായി. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് പോപുലര്‍ഫ്രണ്ട് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി യൂനിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ ഒത്താശയോടെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ നടത്തുന്ന ഉന്മൂലനാതിക്രമങ്ങള്‍ക്കു മുന്നില്‍ പതറി നില്‍ക്കുന്ന ജനതയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു യൂനിറ്റി മാര്‍ച്ച്. സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്ത യുവതലമുറയുടെ നിശ്ചയദാര്‍ഢ്യത്തിനു പിന്തുണയുമായി യൂനിറ്റി മാര്‍ച്ചിന് സാക്ഷ്യം വഹിക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ഒഴുകിയെത്തിയിരുന്നു. വൈകീട്ട് നാലേ മുക്കാലിന് പരപ്പനങ്ങാടി താനൂര്‍ റോഡിലെ വിഇഎംഎസ് സ്‌കൂള്‍ പരിസരത്തു നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് നഗരം ചുറ്റി ബസ് സ്റ്റാന്റിനു സമീപം മമ്പുറം തങ്ങള്‍ നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ വോളന്റിയര്‍മാരുടെ പരേഡും ബാന്റ് വാദ്യവും അരങ്ങേറി. സമാപന സമ്മേളനം പോപുലര്‍ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റംഗം ഒ എം എ സലാം ഉദ്ഘാടനം ചെയ്തു.
മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട് ദേശീയസമിതിയംഗം എം അബ്ദുസമദ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ ്പ്രസിഡന്റ് ടി അബ്ദുര്‍റഹ്മാന്‍ ബാഖവി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബ ഉസ്മാന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി സി സുലൈമാന്‍ മാസ്റ്റര്‍, ഫാദര്‍ പൗലോസ് തേഞ്ഞിപ്പലം, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, കാംപസ്ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സലീം കുറ്റിപ്പുറം, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍കരീം, തിരൂരങ്ങാടി ഡിവിഷന്‍ പ്രസിഡന്റ് വി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it