മര്‍ദനത്തിന്റെ നീറുന്ന വേദനയുമായി നബീല്‍ ചോദിക്കുന്നു 'ഇതാണോ പോലിസ്'

പി  എസ്  അസൈനാര്‍

മുക്കം: നീയൊക്കെ തീവ്രവാദിയല്ലെടോ, എന്ന് ചോദിച്ച് താടി പിടിച്ചു വലിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി വിളിച്ചു. പോലിസ് വാഹനത്തിലിട്ട് 4 മണിക്കൂറോളം തല്ലിച്ചതച്ചു. ഒരിക്കലും പുറത്തു വരാത്ത വിധമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ദേഹമാസകലം പോലിസ് മര്‍ദിച്ചതിന്റെ ചുവന്ന് തിണര്‍ത്ത പാട്ടുകള്‍ ചൂണ്ടിക്കാട്ടി നെല്ലിക്കാപറമ്പ് സ്വദേശി നബീല്‍ സങ്കടത്തോടെ പറയുന്നു തന്റെ അനുഭവങ്ങള്‍. തന്നെ കാണാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരോടും, നേതാക്കളോടും നബീല്‍ ചോദിക്കുന്നു'ഇതാണോ നമ്മുടെ പോലിസ് '. കഴിഞ്ഞ ദിവസം ഗെയില്‍ സമരക്കാരെ നേരിടാനെന്ന പേരില്‍ പ്രദേശത്ത് പോലിസ് ഭീകരതാണ്ഡവമാടിയതിന്റെ നേര്‍സാക്ഷ്യമാണ് ഈ ഇരുപത്തിമൂന്ന്കാരന്‍. ബന്ധുവീട്ടില്‍ കല്യാണത്തിന് പോവുന്നതിനിടെയാണ് ന ബീലിന്റെ വീട്ടില്‍ പോലിസെത്തിയത്. വീടിന്റെ ജനല്‍ചില്ലകള്‍ പോലിസ് തല്ലിതകര്‍ത്തു. വീടിന്റെ മുകള്‍നിലയില്‍ കയറിയ പോലിസ് വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചതോടെ നബീല്‍ പുറത്തിറങ്ങി. സമരക്കാരനല്ല വീട്ടുകാരനാണെന്ന് പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. പതിനൊന്നരയ്ക്ക് പിടികൂടിയ നബീലിനെ മൂന്നരവരെ പോലിസ് വാനിലിട്ടു മര്‍ദിച്ചു. പോലിസ് ബസ്സിന്റെ പ്ലാറ്റ്‌ഫോമിലിട്ടായിരുന്നു മര്‍ദനം. ഇതിനിടെ സമരത്തിലുള്ള അഞ്ച് ആളുകളുടെ പേര് പറഞ്ഞാല്‍ വിടാമെന്നായി. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനുള്ള വകുപ്പ് ചുമത്തി ജയിലിലിടുമെന്ന ഭീഷണിയുമുണ്ടായി.  പോലിസിന്റെ മര്‍ദനമേല്‍ക്കാത്ത ഒരിഞ്ചു സ്ഥലം പോലും നബീലിന്റെ ദേഹത്തില്ല. മുഖത്ത് ഒഎംഎഫ് ശസ്ത്രക്രിയ കഴിഞ്ഞിട്ട് ചികില്‍സയിലാണെന്ന് പറഞ്ഞിട്ടും നിരവധി തവണ മുഖത്തടിച്ചു. ഒടുവില്‍ കരുതല്‍ തടങ്കലെന്ന വിഭാഗത്തിലുള്‍പ്പെടുത്തി വൈകുന്നേരം 5 മണിയോടെ വിട്ടയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it