Flash News

മര്‍കസ് : കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല- കലക്ടര്‍



കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് കോളജില്‍ (എംഐഇടി) സിവില്‍, ആര്‍കിടെക്ചര്‍, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടെന്നു പത്രപരസ്യം നല്‍കിയതു പരസ്യവഞ്ചനയാണെന്നു ജില്ലാ കലക്ടര്‍ എ വി ജോസ്. പ്രവേശന സമയത്തു നല്‍കിയ ഇത്തരം പരസ്യങ്ങളാണു വിദ്യാര്‍ഥികളെ അവിടെ ചേരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് പഠിച്ച സാങ്കേതിക വിദഗ്ധ സമിതി കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്നാണ് റിപോര്‍ട്ട് നല്‍കിയത്. 2012, 2013 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് അംഗീകാരമില്ലെന്ന് അറിഞ്ഞതോടെ സ്ഥാപനത്തിനു മുമ്പില്‍ സമരം തുടങ്ങിയത്. കോഴ്‌സിന്റെ പ്രോസ്‌പെക്ടസില്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടെന്നു പറയുന്നില്ല. പ്രവേശനസമയത്ത് മാനവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) അംഗീകാരമുണ്ടായിരുന്നു എന്നാണ് മര്‍കസ് മാനേജ്‌മെന്റ് ഉന്നയിക്കുന്ന വാദങ്ങള്‍. സമരം ചെയ്യുന്ന കുട്ടികളുടെ ഭാവി കണക്കിലെടുത്ത് പരിഹാരമുണ്ടാക്കേണ്ടത് ബന്ധപ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പ്രശ്‌നം പരിഹരിക്കാന്‍ വിദ്യഭ്യാസ മന്ത്രിയെ ഇടപെടുവിക്കും. ഇന്ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. കോഴ്‌സിന് അംഗീകാരം നല്‍കല്‍ തന്റെ പരിധിയില്‍പ്പെട്ട കാര്യമല്ല. ക്രമസമാധാന പ്രശ്‌നമെന്ന നിലയിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗമാണ് കോഴ്‌സിന് അംഗീകാരം നല്‍കേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it