Flash News

മര്‍കസിന് മുമ്പില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടാന്‍ ശ്രമം: പോലിസ് പൊളിച്ചുനീക്കി

മര്‍കസിന് മുമ്പില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടാന്‍ ശ്രമം: പോലിസ് പൊളിച്ചുനീക്കി
X


കുന്ദമംഗലം: മര്‍കസിന് മുമ്പില്‍ സമര പന്തല്‍ കെട്ടാനുള്ള എംഐഇടിയില്‍ പഠനം നടത്തി വഞ്ചിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ശ്രമം പോലിസ് തടഞ്ഞു. നേരത്തെയുണ്ടായിരുന്ന സമരപന്തല്‍ കഴിഞ്ഞ മാസം 25നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് പൊളിച്ചുമാറ്റിയിരുന്നു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേര്‍ക്ക് കഴിഞ്ഞ ദിവസം മാത്രമാണ് ജാമ്യം ലഭിച്ചത്.

മര്‍കസിന് മുമ്പില്‍ സമരപന്തല്‍ കെട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പോലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. രണ്ടു ദിവസം കാത്തിരിക്കാനാണ് കമ്മീഷണര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞിട്ടും കമ്മീഷണറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വിദ്യാര്‍ഥികള്‍ സമര പന്തല്‍ കെട്ടിയത്. സ്ഥലത്ത് ക്യാംപ് ചെയ്യുകയായിരുന്ന കുന്ദമംഗലം പോലീസ് ഉടനെ തന്നെ പന്തല്‍ പൊളിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ അടക്കമുള്ളവര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിന് ഇടയാക്കി.

പിന്നീട് ചേവായൂര്‍ എസ്.ഐ കെ കെ ബിജു സംഭവ സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ഇന്ന് പോലീസ് കമ്മീഷണറുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. കമ്മീഷണറുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനമുണ്ടായാലും ഇല്ലെങ്കിലും സമര പന്തല്‍ കെട്ടുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ പി ടി എ റഹീം എംഎല്‍എയുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു. നാളെ ഗസ്റ്റ് ഹൗസില്‍ വെച്ച് മര്‍കസ് അധികൃതരേയും വിദ്യാര്‍ഥികളേയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താമെന്ന് എംഎല്‍എ  ഉറപ്പ് നല്‍കിയതായി  വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥി സമരം ശക്തമായതോടെ മര്‍കസിന് പോലീസ് കാവല്‍ ശക്തമാക്കി. എംഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മര്‍കസ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളി.









Next Story

RELATED STORIES

Share it