thrissur local

മരോട്ടിച്ചാല്‍ വനത്തിനുള്ളില്‍ കാണാതായ രണ്ട് യുവാക്കളെയും കണ്ടെത്തി

തൃശൂര്‍: മരോട്ടിച്ചാല്‍ വനത്തിനുള്ളില്‍ കാണാതായ രണ്ട് യുവാക്കളെയും കണ്ടെത്തി. ചാവക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍, സിറിള്‍ എന്നിവരാണ് ഇന്നലെ അവശനിലയില്‍ വനത്തില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഓലക്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയപ്പോഴാണ് വഴിതെറ്റി ഉള്‍വനത്തില്‍ അകപ്പെട്ടത്. ഇവര്‍ക്ക് വേണ്ടി വനപാലകരും,നാട്ടുകാരും, വന സംരക്ഷണസമിതിയും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് ദിവസമായി കാട്ടില്‍ കിടന്ന് അവശനിലയിലായ യുവാക്കള്‍ക്ക് രക്ഷകരായത് പാലപ്പിള്ളിയിലെ ജനകീയ കൂട്ടായ്മയിലെ അംഗങ്ങളാണ്.പാലപ്പിള്ളിയില്‍ ജനകീയചന്ത നടത്തുന്ന ഇവര്‍ യുവാക്കളെ കാണാതായ വാര്‍ത്ത അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇവര്‍ ചന്ത അവസാനിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്നു.ഏഴ് പേരടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. വെള്ളചാട്ടത്തിനടുത്തു നിന്ന് ഏഴര കിലോമീറ്റര്‍ അകലെയാണ് യുവാക്കളെ കണ്ടെത്താനായത്. വഴിതെറ്റി രണ്ട് മലയിടുക്കുകള്‍ കടന്ന യുവാക്കള്‍ കാട്ടുചോലയുടെ സമീപത്ത് അവശരായി കിടക്കുകയായിരുന്നു. രാവിലെ തിരച്ചില്‍ ആരംഭിച്ച സംഘം കാട്ടില്‍ കയറിയ ഉടനെ കാണാതായ യുവാക്കളുടെ പേരുകള്‍ വിളിച്ചും ഉറക്കെ കൂവി വിളിച്ചുമാണ് തിരച്ചില്‍ നടത്തിയത്. രണ്ട് ദിവസം വെള്ളം മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് രക്ഷപ്പെട്ട യുവാക്കള്‍ പറഞ്ഞു. ആന പോകുന്ന വഴി നോക്കി വെള്ളം കിട്ടുമെന്ന പ്രതീക്ഷയില്‍ സഞ്ചരിച്ചാണ് ഇവര്‍ ചോലക്കരികില്‍ എത്തിയത്. രാത്രികളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പാറയുടെ മുകളില്‍ അഭയം തേടിയതായും യുവാക്കള്‍ പറഞ്ഞു. തിരച്ചിലിനിറങ്ങിയ സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം യുവാക്കള്‍ കേട്ടെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അങ്ങോട്ട് പോകുന്നതിനോ മറുശബ്ദം വെക്കുന്നതിനോ ഇവര്‍ക്ക് ധൈര്യം ലഭിച്ചില്ല. വനപാലകരുടെയോ മറ്റോ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിന് ആശംസകളുമായി നിരവധിപേരാണ് മരോട്ടിച്ചാല്‍ വല്ലൂരില്‍ എത്തിയത്. യുവാക്കളെ സുരക്ഷിതമായി പോലിസിന് കൈമാറിയതിന് ശേഷമാണ് സംഘം മടങ്ങിയത്. വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹസിം,  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ മാത്യു,ഇസ്മയില്‍, അനീസ് വില്‍സണ്‍, ഷിജു, ബേബി, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്. ഒല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാക്കിയ യുവാക്കളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it