Religion

മരുഭൂമിയുടെ വസന്തം

മരുഭൂമിയുടെ വസന്തം
X
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര (രണ്ടാം ഭാഗം)


ബനൂ സഅദ്ബ്‌നു ബകര്‍ ഗോത്രക്കാരിയായ ഹലീമ ഭര്‍ത്താവായ ഹാരിസ് ബിന്‍ അബ്ദുല്‍ ഉസ്സയോടൊപ്പം മക്കയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ വര്‍ഷം മരുഭൂമിയെ ബാധിച്ച കൊടും വരള്‍ച്ച ക്ഷീണിപ്പിച്ച അവരുടെ പെണ്‍കഴുത നന്നെ സാവധാനമാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തന്റെ സഹയാത്രികര്‍ക്കൊപ്പമെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഹലീമയുടെ പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുളളൂ. ആ ചോര പൈതലിനെയും വഹിച്ചു കൊണ്ടാണ് കൊടുംചൂടത്തുളള ഈ മരുഭൂയാത്ര. പരിമിതമായ വിഭവങ്ങളേ കയ്യിലുളളൂ. യാത്രയുടെ ആരംഭത്തില്‍ തന്നെ അതു തീര്‍ന്നു. കൂടെയുളള പെണ്ണൊട്ടകമാകട്ടെ മെലിഞ്ഞൊട്ടി പാല്‍ചുരത്താനാകാത്ത ദയനീയസ്ഥിതിയിലും. മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടുവാന്‍ ആവശ്യമായ പാല്‍ ഹലീമക്കുണ്ടായിരുന്നില്ല. കുഞ്ഞാകട്ടെ വിശന്ന് കരയുകയും. വിധിയുടെ വിചിത്രമായ പരീക്ഷണം എന്നല്ലാതെ എന്തു പറയാന്‍, സ്വന്തം കുഞ്ഞിനു പുറമേ  മുലയൂട്ടുവാനായി മറ്റൊരു നവജാത ശിശുവിനെയും അന്വേഷിച്ചാണ് അവര്‍ മക്കയിലേക്ക് പോകുന്നത്.
അറേബ്യയില്‍ അക്കാലത്ത് നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു അത്. മക്ക പോലുളള നഗരപ്രദേശങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടുവാനായി മരുഭൂനിവാസികളെ ഏല്‍പിക്കുക. കുട്ടികള്‍ മരുഭൂമിയിലെ ശുദ്ധവായു ശ്വസിച്ച് ആരോഗ്യമുളളവരായി വളരുവാനും കലര്‍പ്പില്ലാത്ത ശുദ്ധ അറബിഭാഷ സായത്തമാക്കാനും അതുപകരിക്കുമെന്നതായിരുന്നു അതിനുളള കാരണം. കുട്ടികളെ വളര്‍ത്തുന്നതില്‍ സവിശേഷമായ സിദ്ധിയുളളവരാണ് മക്കയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ താമസക്കാരായ ഹവാസിന്‍ കുലത്തിലെ ബനൂ സഅദുബ്‌നു ബക്ര്‍ ഗോത്രം. അവരിലെ സ്ത്രീകളുടെ മുഖ്യ വരുമാനമാര്‍ഗമായിരുന്നു അത്. മുലയൂട്ടുന്നതിന് കൃത്യമായ പ്രതിഫലം നിശ്ചയിക്കുകയോ വിലപേശലോ ഒന്നും പതിവില്ല. കാരണം രക്തബന്ധത്തോളം തന്നെ പവിത്രമായ ഒരു ബന്ധമാണ് അതുവഴി രൂപപ്പെടുന്നത്.  പിതാവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുഞ്ഞിന്റെ വളര്‍ത്തുമ്മക്ക് അയാള്‍ പണവും കന്നുകാലികളും മറ്റ് പാരിതോഷികങ്ങളും നല്‍കും. കുഞ്ഞ് വളര്‍ന്നു വലുതായാല്‍ സ്വന്തം ഉമ്മയെപ്പോലെ പോറ്റുമ്മയെ പരിഗണിക്കും. അതിനാല്‍ തന്നെ സമ്പന്നരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളിലേക്കാണ് സ്വാഭാവികമായും എല്ലാ സ്ത്രീകളും ആദ്യം ഉറ്റുനോക്കുക.
ഹലീമയും സംഘവും മക്കയിലെത്തിച്ചേര്‍ന്നു. കുഞ്ഞുങ്ങളെ അന്വേഷിച്ച് എല്ലാവരും പരക്കം പായുകയാണ്. ആമിനയുടെ മകന്റെ അടുത്തും പലരും വന്നുനോക്കിപോയി. നല്ല ലക്ഷണമൊത്ത കുഞ്ഞാണ്. കുലമഹിമയില്‍ അവനോളം വിശിഷ്ടനായ ഒരു കുഞ്ഞിനെ ലഭിക്കാനുമില്ല. പക്ഷെ അനാഥനാണ്. പിതാമഹന്‍ അബ്ദുല്‍മുത്വലിബാകട്ടെ ഖുറൈശിതലവനാണെങ്കിലും വലിയ കുടുംബബാധ്യതയുളളയാളും. അതിനാല്‍ വന്നു നോക്കിയ സ്ത്രീകള്‍ എല്ലാം പതുക്കെ ഉള്‍വലിഞ്ഞു. ബനൂസഅദിലെ സ്ത്രീകള്‍ക്കെല്ലാം പോറ്റുമക്കളെ ലഭിച്ചു.  ദാരിദ്യം കാരണം മെലിഞ്ഞൊട്ടിയ ഹലീമയെ ആര്‍ക്കും ബോധിച്ചില്ല. തങ്ങളുടെ കുഞ്ഞ് വിശന്നൊട്ടി പേക്കോലമാകണമെന്ന് ഒരു കുടുംബവും ആഗ്രഹിക്കുകയില്ലല്ലോ. സംഘം മടക്കയാത്രക്കൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ശൂന്യമായ കൈകളുമായി മടങ്ങുന്നതോര്‍ത്തപ്പോള്‍ ഹലീമക്ക് മനപ്രയാസം അടക്കാനായില്ല. വരുമാന നഷ്ടത്തേക്കാളേറെ അതൊരു അപമാനമായിട്ടാണവര്‍ക്ക് അനുഭവപ്പെട്ടത്. അപ്പോഴാണ് അബ്ദുല്‍ മുത്വലിബിന്റെ പേരക്കുട്ടിയുടെ സുന്ദര മുഖം അവരുടെ മനോമുകുരത്തിലേക്ക് വന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ആ കുഞ്ഞ് അവരുടെ മനം കവര്‍ന്നിരുന്നു. പക്ഷെ ക്ഷാമം കാര്‍ന്നു തിന്ന തന്റെ ജീവിതം പച്ചപിടിപ്പിടിപ്പിക്കണമെങ്കില്‍ ആ അനാഥകുഞ്ഞ് മതിയാവില്ലെന്ന് തോന്നിയതിനാല്‍ മനമില്ലാമനസ്സോടെ ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും വെറും കയ്യോടെ മടങ്ങുന്നതിലും നല്ലത് ആ കുഞ്ഞിനെ സ്വീകരിക്കുന്നതു തന്നെ. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു: പടച്ചവനാണ് സത്യം, വെറും കയ്യോടെ മടങ്ങി കൂട്ടുകാരികള്‍ പരിഹസിക്കുന്നതിനേക്കാള്‍ ഉത്തമം ആ അനാഥകുഞ്ഞിനെ സ്വീകരിക്കുന്നതാണ്. 'അതിനെന്താണ്, അവന്‍ മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചു കൂടെന്നില്ലല്ലോ'ഭര്‍ത്താവ് മറുപടി നല്‍കി.
ഹലീമ ആമിനയെ സമീപിച്ച് കുട്ടിയെ ഏറ്റെടുക്കാനുളള സന്നദ്ധത അറിയിച്ചു. തന്റെ ജീവിതത്തിന്റെ എല്ലാമായ പൊന്നോമന മകന്‍ വേര്‍പിരിയുന്നതില്‍ ഏറെ മനോദുഖമുണ്ടെങ്കിലും മകന്റെ ശോഭനമായ ഭാവിയെ ഓര്‍ത്ത്  ആ മാതാവ് കുഞ്ഞു മുഹമ്മദിനെ ഹലീമയെ ഏല്‍പിച്ചു. ഹലീമ ആ കുഞ്ഞിനെ തന്റെ മാറോട് അണക്കേണ്ട താമസം വറ്റിവരണ്ട് ശുഷ്‌കമായ അവരുടെ മാറിടം നിറഞ്ഞു കവിഞ്ഞു. കുഞ്ഞ് മതിയാവോളം പാല്‍ കുടിച്ചു. ശേഷം ഹലീമയുടെ കുഞ്ഞും കുടിച്ചു. വയറു നിറഞ്ഞ സംതൃപ്തിയോടെ ഇരുവരും ശാന്തരായി ഉറങ്ങി. യാത്ര പോകുന്നതിനു മുമ്പ് കഴിക്കുന്നതിന് വല്ലതും ലഭിക്കുമോയെന്നറിയാന്‍ വേണ്ടി കുഞ്ഞിന്റെ വളര്‍ത്തുപിതാവ് ഹാരിസ് തങ്ങളുടെ ഒട്ടകത്തെ കറക്കുവാനായി ചെന്നു. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഏറിയാല്‍ ഒരു ഗ്ലാസ് പാലോ മറ്റോ കിട്ടിയാലായി. അത്രതന്നെ. പക്ഷെ ആ ദമ്പതികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ക്ഷീണിച്ചവശയായിരുന്ന ആ ഒട്ടകം പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നവെന്ന് മാത്രമല്ല അകിടുകള്‍ രണ്ടും നിറഞ്ഞ് തുളുമ്പിയിരിക്കുന്നു. 'ഹലീമ, ഈ കുഞ്ഞ് സാധാരണക്കാരനല്ല,തീര്‍ച്ചയായും അവന്‍ ഒരനുഗ്രഹീത ബാലന്‍ തന്നെയാണ് ' ഹാരിസ് വിളിച്ചുപറഞ്ഞു. കുട്ടിയെ ലഭിക്കാന്‍ വൈകിയത് കൊണ്ട് ഹലീമയും ഹാരിസും യാത്രാസംഘത്തിന്റെ പിറകിലായിരുന്നു. എന്നാല്‍ പോറ്റുമകനെയും കൊണ്ട് ഹലീമ കഴുതപ്പുറത്ത് കയറേണ്ട താമസം കഴുത അവരെയും കൊണ്ട് അതിശ്രീഖം  പറന്നു. സഹയാത്രികരെ അതിവേഗം അവര്‍ മറികടന്നു. ഹലീമ കഴുതയെ മാറ്റിവാങ്ങിയോ എന്നായി അവര്‍. മാറ്റി വാങ്ങിയതല്ല, പുതിയ കുഞ്ഞ് വന്നതിനു ശേഷം വന്ന അദ്ഭുതകരമായ മാറ്റമാണെന്ന് ഹലീമ മറുപടി നല്‍കി.
യാത്രാസംഘം തങ്ങളുടെ വാസസ്ഥലത്ത് തിരിച്ചെത്തി. വരള്‍ച്ച ഒരു പുല്‍ച്ചെടിയെപ്പോലും വെറുതെവിട്ടിരുന്നില്ല. എല്ലാം കരിഞ്ഞു ചാമ്പലായിരുന്നു. പക്ഷെ പുതിയ കുഞ്ഞ് വന്നതിനു ശേഷം ഹലീമയുടെ കാലികള്‍ക്ക് ഒരിക്കലും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. അവ എല്ലാദിവസവും വയറുനിറച്ചാണ് വരിക. അകിടും നിറഞ്ഞിരിക്കും. കുഞ്ഞിന് രണ്ടു വയസ്സു പൂര്‍ത്തിയായപ്പോള്‍ മുലകുടി നിര്‍ത്തി. കുഞ്ഞ് അപ്പോഴേക്കും നല്ല വളര്‍ച്ച പ്രാപിച്ചിരുന്നു. മുലകുടി കഴിഞ്ഞ സ്ഥിതിക്ക് കുഞ്ഞിനെ തിരിച്ചേല്‍പിക്കേണ്ട സമയമായിരിക്കുന്നു.കുഞ്ഞുമുഹമ്മദിനെ പിരിയുന്നത് ചിന്തിക്കാന്‍ വയ്യായിരുന്നു ഹലീമക്കും കുടുംബത്തിനും. എങ്കിലും കരാര്‍ പാലിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. അങ്ങനെ മനമില്ലാമനസ്സോടെ കുട്ടിയെയും കൊണ്ട് അവര്‍ മക്കയിലെത്തി. അപ്പോഴാണ് മക്കയെ ബാധിച്ച പ്ലേഗിന്റെ വാര്‍ത്ത ആ ദമ്പതികള്‍ ശ്രവിച്ചത്. കുഞ്ഞിനെ കൂടെ നിര്‍ത്താന്‍ ഒരു കാരണം കാത്തിരുന്ന അവര്‍ ആമിനയെ സമീപിച്ച് കുഞ്ഞിനെ ഏല്‍പിച്ച് വിശേഷങ്ങള്‍ പരസ്പരം കൈമാറിയ ശേഷം മക്കയെ ബാധിച്ച മഹാമാരി അടങ്ങുന്നതു വരെ കുഞ്ഞിനെ തങ്ങളോടു കൂടെ തന്നെ വിട്ടയക്കണമെന്നഭ്യര്‍ത്ഥിച്ചു. പൊന്നോമന മകനെ വിട്ടുപിരിയാന്‍ ഒട്ടും മനസ്സല്‍ില്ലെങ്കിലും സംഭവിച്ചേക്കാവുന്ന വിപത്തിനേയോര്‍ത്ത് ആമിന സമ്മതം മൂളി. കൈ നിറയെ പാരിതോഷികങ്ങള്‍ നല്‍കി അബ്ദുല്‍ മുത്തലിബ് അവരെ യാത്രയാക്കി.
Next Story

RELATED STORIES

Share it