Kollam Local

മരുന്നുവാങ്ങാനും ആധാര്‍; രോഗികള്‍ വലയുന്നു



കരുന്നാട്ട് ശശി

കാവനാട്: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഹോമിയോ ഡിസ്പന്‍സറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഹോമിയോ ആശുപത്രികളില്‍ നിന്നും ഡിസ്പന്‍സറികളില്‍ നിന്നും മരുന്ന് വാങ്ങാനായി വാങ്ങാന്‍ വരുന്നവര്‍ അവരുടെ ആധാര്‍കാര്‍ഡ് കൂടി കൊണ്ടുവരണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഹോമിയോ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാന്‍ കാരണമായിരുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷനല്‍ ആയുഷ് മിഷന്റെ മേല്‍നോട്ടത്തിലാണ് ഹോമിയോ ആശുപത്രികളും ഡിസ്പന്‍സറികളും പ്രവര്‍ത്തിച്ചു വരുന്നത്. ഹോമിയോ ആശുപത്രികളില്‍ നിന്നും ഡിസ്പന്‍സറികളില്‍ നിന്നും മരുന്ന് വാങ്ങാന്‍ എത്തുന്ന രോഗികള്‍ അവരുടെ ആധാര്‍കാര്‍ഡ്കൂടി കൊണ്ടുവരണമെന്ന് കേരളത്തിലെ ഹോമിയോ ഡിപ്പാര്‍ട്ടുമെന്റിന് കഴിഞ്ഞ 30നാണ് നിര്‍ദ്ദേശം ലഭിച്ചത്.ഇനി മുതല്‍ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും എത്തുന്ന രോഗികളുടെ ആധാര്‍ നമ്പറോ  ആധാര്‍ എന്റോള്‍ നമ്പരോ രജിസ്റ്ററില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ഫോണ്‍ നമ്പര്‍ രജിസ്റ്ററില്‍ ശേഖരിക്കും. പിന്നീട് രജിസ്‌ട്രേഷന്‍ പുതുക്കുന്ന മുറയ്ക്ക് രജിസ്റ്ററില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പതിവ് രോഗീ പത്രികയ്‌ക്കൊപ്പം ഓരോ മാസവും അഞ്ചാം തിയ്യതിക്കു മുമ്പായി ഡിഎംഒ വഴി ഹോമിയോ ഡയറക്ടറേറ്റില്‍ എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തിരക്കേറിയ ആശുപത്രികളില്‍ ആധാര്‍ നമ്പര്‍ കൂടി വാങ്ങുന്നത് സമയ നഷ്ടമുണ്ടാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കിടത്തി ചികില്‍സയുള്ള ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ആത്യാവശ്യഘട്ടങ്ങളില്‍ ചികില്‍സ തേടി എത്തുന്നവര്‍ക്കും കാര്‍ഡില്ലാത്തതിന്റെ പേരില്‍ ചികില്‍സ നിഷേധിക്കില്ലെന്നു അധികൃതര്‍ പറയുന്നുണ്ട്. അസുഖം ഉണ്ടായാല്‍ ഉടന്‍ തന്നെ രോഗികളെ ആശുപത്രികളിലും ഡിസ്പന്‍സറികളിലും എത്തിക്കുകയാണ് പതിവ്. ഈ സമയം ആധാര്‍ നോക്കി എടുക്കാന്‍ സമയം കിട്ടാറില്ല. അതോടൊപ്പം ആധാര്‍ എടുക്കാത്തവര്‍ ധാരാളമായി ഇന്നും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ അവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ സൗജന്യചികില്‍സയും ഇല്ലാതാകും. ഇപ്പോള്‍ തന്നെ പല ഹോമിയോ ഡിസ്പന്‍സറികളിലും പറയത്തക്ക രോഗികളൊന്നും എത്താറില്ല. കൂടുതലും ചികില്‍സതേടി സ്വകാര്യ ഡിസ്പന്‍സറികളിലേയ്ക്കാണ് പോകുന്നത്. ആധാര്‍ കര്‍ശനമാക്കിയതോടെ പല ഹോമിയോ ഡിസ്പന്‍സറികളുടേയും പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it