Kollam Local

മരുതിമലയിലെ തീപ്പിടുത്തം; ദുരൂഹത തുടരുന്നു

ഓയൂര്‍: വെളിയം പഞ്ചായത്തിലെ ഓടനാവട്ടം മുട്ടറ മരുതിമലയിലെ പുല്‍മേടുകള്‍ക്ക് വര്‍ഷംതോറും തീപിടിക്കുന്നതില്‍ ദുരൂഹത തുടരുന്നു.
കഴിഞ്ഞദിവസവും മലയില്‍ 12ഏക്കര്‍ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വയറിങ്ങും കെട്ടിടങ്ങളുടെ കതകുകളും ജനാലകളും കത്തിനശിച്ചു. വര്‍ഷംതോറും വേനല്‍ക്കാലത്ത് ഈ പ്രദേശത്ത് തീപിടുത്തം ഉണ്ടാവുന്നത് പതിവാണ്. ഇതിനു പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും നാട്ടുകാര്‍ പറയുന്നു.
ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കുന്നതിനു വേണ്ടിയുളള സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് പരക്കെ ആക്ഷേപമുണ്ട്.
36ലക്ഷം രൂപ മുടക്കിയാണ് ഇക്കോ ടൂറിസം പദ്ധതി ഗവണ്മെന്റ് നടപ്പിലാക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായുള്ള തീപ്പിടുത്തത്തില്‍ 15ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു.
മലമുകളില്‍ ഗാര്‍ഡുകളെ നിയമിക്കുകയും തീപിടുത്തമുണ്ടായാല്‍ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വര്‍ഷം തോറും തീപ്പിടുത്തം ഉണ്ടാവുകയും സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമ്പോഴും പഞ്ചായത്ത് അധികൃതരും നിസ്സംഗത പാലിക്കുന്നത് പ്രദേശത്ത് നോട്ടമിട്ടിരിക്കുന്ന പാറമാഫിയകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. തീപ്പിടുത്തം ഉണ്ടാവുമ്പോള്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പല്ലാതെ സമഗ്രമായ അന്വേഷണം നടക്കാറില്ല.
ഇതാണ് വീണ്ടും തീപ്പിടുത്തം ഉണ്ടാവുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it