മരിെച്ചന്ന ധാരണയില്‍ നവജാതശിശുവിനെ കുഴിച്ചുമൂടി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

മീനങ്ങാടി (വയനാട്): പ്രസവത്തിനുശേഷം മരിച്ചെന്ന ധാരണയില്‍ അമ്മ നവജാതശിശുവിനെ കുഴിച്ചുമൂടി. മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് യൂക്കാലിക്കവല കോളനിയിലാണു സംഭവം. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് യൂക്കാലിക്കവല കാട്ടുനായ്ക്ക കോളനിയിലെ രാധയുടെ കുഞ്ഞിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തത്.
കഴിഞ്ഞ 15ന് പുലര്‍ച്ചെ മൂന്നോടെയാണ് രാധ ആണ്‍കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചത്. രാധയുടെ സഹോദരി ശാരദയാണ് പ്രസവം നോക്കിയത്. പ്രസവിച്ച സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി ശാരദ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍, കുഞ്ഞിന് അനക്കമില്ലാതായതിനാല്‍ മരിച്ചെന്നു വിശ്വസിച്ച് വീടിന്റെ പിറകുവശത്തായി മറവുചെയ്യുകയായിരുന്നുവെന്നാണ് രാധ നല്‍കിയ മൊഴി. കുഞ്ഞിനെ മറവുചെയ്ത വിവരം സഹോദരി ശാരദ കൂടെ ജോലിചെയ്യുന്ന ചിലരോട് പറഞ്ഞതോടെയാണ് പുറംലോകമറിയുന്നത്. അപ്പാട് വാര്‍ഡ് മെംബര്‍ സജീവന്‍, അങ്കണവാടി ടീച്ചര്‍ എന്നിവര്‍ കോളനിയിലെത്തി അന്വേഷണം നടത്തിയിരുന്നു.
എസ്ടി പ്രമോട്ടര്‍ ചീങ്ങേരി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് വിവരം കൈമാറുകയും ടിഇഒ കഴിഞ്ഞ 24ന് മീനങ്ങാടി പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസവം മറച്ചുവച്ചതിനും കുഞ്ഞിനെ മറവുചെയ്തതിനും ഐപിസി വകുപ്പ് 318 പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മീനങ്ങാടി എസ്‌ഐ ടി എന്‍ സജീവന്‍, എസ്‌ഐ ടി ജെ സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സുല്‍ത്താന്‍ ബത്തേരി താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ എം ജെ സണ്ണി, കോഴിക്കോട് മെഡിക്കല്‍ കോളജ് അസി പ്രഫസര്‍ ബ്രിജീഷ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാധ മാസംതികയാതെ പ്രസവിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കുശേഷം മാത്രമേ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് മീനങ്ങാടി എസ്‌ഐ സഖറിയ അറിയിച്ചു. രാധയുടെ ഭര്‍ത്താവ് കഴിഞ്ഞ മാസം അസുഖം ബാധിച്ച് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it