മരിച്ചവര്‍ക്കുള്ള ദുരിതാശ്വാസ തുക ഒരുമിച്ചു കൈമാറും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള 20 ലക്ഷം രൂപ സഹായധനം ഒരുമിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പത്തു ലക്ഷം, മല്‍സ്യബന്ധന വകുപ്പിന്റെ അഞ്ചു ലക്ഷം, മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചു ലക്ഷം അടക്കം 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചത്. തുക വേഗത്തില്‍ കൈമാറാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപ മരിച്ചയാളുടെ മാതാപിതാക്കളുടെ സംരക്ഷണത്തിനായി നീക്കിവയ്ക്കും. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അഞ്ചു ലക്ഷം രൂപ അവര്‍ക്കും നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമില്ലാത്ത മരിച്ചവരുടെ കുടുംബത്തിനും ധനസഹായം നല്‍കും. സഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങേണ്ടിവരില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ കുടുംബങ്ങളിലെത്തി ധനസഹായത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ജോലിക്കു പോവാന്‍ കഴിയാത്തവിധം പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം പരിഗണിച്ച് അഞ്ചു ലക്ഷം രൂപ നല്‍കും. ബോട്ട് ഉള്‍പ്പെടെയുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി സഹായം നല്‍കും. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് വച്ചുനല്‍കുകയും കേടുപാടുണ്ടായ വീടുകള്‍ നന്നാക്കുകയും ചെയ്യും. പരിക്കേറ്റ് ചികില്‍സ തേടിയവര്‍ക്ക് 20,000 രൂപ വീതം നല്‍കും. ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രത്യേക കൗണ്‍സലിങും ലഭ്യമാക്കും.
Next Story

RELATED STORIES

Share it