മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുനെല്‍വേലി ബസ്സപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്കു സാമ്പത്തികസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയോട് ഇക്കാര്യം നേരിട്ടഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് 10,000 രൂപവീതം അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
ചികില്‍സയില്‍ കഴിയുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. അതേസമയം, തിരുനെല്‍വേലി വാഹനാപകടത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാനസര്‍ക്കാരും പങ്കാളികളായത് ബന്ധുക്കള്‍ക്കു തുണയായി. കന്യാകുമാരി കലക്ടറാണ് പുലര്‍ച്ചെയുണ്ടായ അപകടവിവരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിനെ അറിയിക്കുന്നത്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഇടപെട്ട് നെയ്യാറ്റിന്‍കര തഹസില്‍ദാരെയും ഡിവൈഎസ്പിയെയും പുലര്‍ച്ചെ തന്നെ നാഗര്‍കോവിലിലേക്ക് അയച്ചു. തുടര്‍ന്ന് റവന്യൂ, ആരോഗ്യ, ആഭ്യന്തരമന്ത്രിമാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദേശംനല്‍കി. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനായിരുന്നു മേല്‍നോട്ടച്ചുമതല.
ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. രണ്ട് മെഡിക്കല്‍ സംഘത്തെ 10 ആംബുലന്‍സ് സഹിതം ആരോഗ്യവകുപ്പ് അയച്ചു. എഡിഎം വിനോദിന്റെ നേതൃത്വത്തിലാണ് റവന്യൂ സംഘം നാഗര്‍കോവിലിലെത്തിയത്.
Next Story

RELATED STORIES

Share it