malappuram local

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കും

മലപ്പുറം: ജില്ലയില്‍ നിപാ വൈറസ് ബാധിച്ച് മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ വീതം ലഭിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന നിപാ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കര്‍മസേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
മൂര്‍ഖനാട് വില്ലേജിലെ തടത്തില്‍തോട് വേലായുധന്‍, മൂന്നിയൂര്‍ മേച്ചേരി ബിന്ദു, തെന്നല വില്ലേജില്‍ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറുക. തുക ഇന്നുതന്നെ കൈമാറുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്കും അവരോട് അടുത്ത് ഇടപെട്ടവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നുമുതല്‍ റേഷന്‍ വിതരണം ചെയ്തുതുടങ്ങാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുടെ പട്ടിക ആരോഗ്യ വകുപ്പ് നല്‍കും. നിപാ വ്യാപനത്തിനെതിരേ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ ആറുവരെ അവധി നല്‍കിയിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാത്ത പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് ജില്ലാ കലക്ടര്‍ നിദേശം നല്‍കി. മലപ്പുറം മുനിസിപ്പല്‍ പരിധിയില്‍ ഒരു മലേറിയ കേസ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബ് ജൂണ്‍ ഒമ്പതിനകം പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍മിതിക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ അസി.കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ആര്‍ഡിഒ കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ഡെപ്യുട്ടി ഡിഎംഒമാരായ ഡോ.എ ഷിബുലാല്‍, ഡോ. ഇസ്മായില്‍, ഡോ.കെ പ്രകാശ്, ഡോ.പി ദിനേശ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് അസ്മ റഹിം പങ്കെടുത്തു.
Next Story

RELATED STORIES

Share it