Flash News

മരിക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കര്‍ഷകരുടെ കത്ത്

അഹ്മദാബാദ്: ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരേ പ്രക്ഷോഭരംഗത്തുള്ള 5000ത്തിലേറെ കര്‍ഷകര്‍ മരിക്കാന്‍ അനുമതി തേടി രാഷ്ട്രപതി, പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവര്‍ക്കു കത്തുകളയച്ചു. 12 ഗ്രാമങ്ങളിലായി 5,259 കര്‍ഷകരാണ് കത്തെഴുതിയതെന്നു കര്‍ഷകരുടെ അവകാശത്തിനായി പൊരുതുന്ന ഗുജറാത്ത് ഖേദത്ത് സമാജ് നേതാവ് നരേന്ദ്രസിങ് ഗോഹില്‍ അറിയിച്ചു.
ഗുജറാത്ത് സര്‍ക്കാരും ഗുജറാത്ത് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡും (ജിപിസിഎല്‍) സംയുക്തമായിട്ടാണു കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നത്. പോലിസിനെ ഉപയോഗിച്ച് തങ്ങളെ ഒഴിപ്പിക്കുകയാണെന്നു കര്‍ഷകര്‍ കത്തില്‍ ആരോപിച്ചു. 20 വര്‍ഷം മുമ്പ് അക്വയര്‍ ചെയ്ത ഭൂമി സ്വന്തമാക്കാന്‍ ജിപിസിഎല്‍ ശ്രമിക്കുന്നതു നിയമവിരുദ്ധമാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം അക്വയര്‍ ചെയ്ത് അഞ്ചുവര്‍ഷം കഴിഞ്ഞ ഭൂമി സ്വന്തമാക്കാനാവില്ല. അത്തരം ഭൂമി സ്വന്തമാക്കണമെങ്കില്‍ പുതിയതായി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കണമെന്നു ഗോഹില്‍ പറഞ്ഞു.
സമാധാനപരമായി സമ്മേളിച്ച കര്‍ഷകര്‍ക്കു നേരെ പോലിസ് രണ്ടുതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷകരെ അധികൃതര്‍ തീവ്രവാദികളെ പോലെയാണു കാണുന്നതെന്നതിനാല്‍ തങ്ങളെ സൈനികരുടെ വെടിയേറ്റു മരിക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ അയച്ച കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it