malappuram local

മരവട്ടത്ത് സമരക്കാരും പോലിസും തമ്മില്‍സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍



പുത്തനത്താണി: കാടാമ്പുഴ മരവട്ടത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിക്കായി സ്ഥലം കൈയേറിയതിനെ തുടര്‍ന്ന് സമരക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പോലിസ് ലാത്തിവീശുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മരവട്ടം ഗ്രെയ്‌സ് വാലി കോളജിനു സമീപം തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, ജില്ലാ പോലിസ് സൂപ്രണ്ട് ദേബേശ് കുമാര്‍ ബെഹറ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹത്തോടെ എത്തി ഗെയില്‍ പ്രതിനിധികള്‍ സമരക്കാര്‍ ഇല്ലാത്ത സമയത്ത് ഭൂമി കൈവശപ്പെടുത്തിയത്. ഇതോടെ പ്രദേശത്ത് എത്തിയ സമരക്കാരും നാട്ടുകാരും പോലിസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് പോലിസ് ജനപ്രതിനിധികളടക്കമുള്ള സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കി. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി മൊയ്തീന്‍കുട്ടി, എം ഹംസ, സമരസമിതി ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി എ സലാം, വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊടക്കാടന്‍, ഒ കെ സുബൈര്‍, സലീം ചാപ്പനങ്ങാടി എന്നിവരുള്‍പ്പെടെ ഇരുപതോളം പേരെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, ഗെയില്‍ സിഒ പ്രിന്‍സ് ലോറന്‍സ് എന്നിവര്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂര്‍, മലപ്പുറം സിഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തോടുകൂടി ഭൂമി കൈവശപ്പെടുത്താന്‍ എത്തിയിരുന്നു. എന്നാല്‍, സമരക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനുശേഷം മറ്റ് നടപടികളിലേക്ക് നീങ്ങാമെന്ന തീരുമാനത്തില്‍ സമരക്കാരും പോലിസും, ഗെയില്‍ അധികൃതരും പിന്മാറി. പിന്നീട്് ഉച്ചയ്ക്കു ശേഷം എസ്പി ദേബേശ് കുമാര്‍ ബെഹറ മരവട്ടത്തെത്തി പോലിസിനെയും ഗെയില്‍ അധികൃതരെയും തിരികെ വിളിപ്പിച്ച് നേരത്തെ മാര്‍ക്ക് ചെയ്ത സ്ഥലത്ത് മരങ്ങള്‍ മുറിച്ച് മാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികളാരംഭിച്ചു. സമര രംഗത്തുണ്ടായിരുന്നവരെല്ലാം ഈ സമയം ഭക്ഷണം കഴിക്കാനും മറ്റുമായി പോയിരുന്നു. തുടര്‍ന്നാണ് സംഭവമറിഞ്ഞ് തടിച്ചുകൂടിയ സമര നേതാക്കളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.  ജോയിന്റ് കണ്‍വീനര്‍ കെ മന്‍സൂര്‍, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി മൊയ്തീന്‍കുട്ടി, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍, മെമ്പര്‍മാരായ മണി, മുസ്തഫ, വി എ റഹ്മാന്‍, സലീം, കടക്കാടന്‍ സലീം, കടക്കാടന്‍ നാണി, ഒളകര കുഞ്ഞിമാനു, അബുഹാജി കാലൊടി, എം ഹംസ സമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it