Flash News

മരണത്തെ മുഖാമുഖം കണ്ട നഴ്‌സിങ് വിദ്യാര്‍ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

ഇ   രാജന്‍

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മരണത്തെ മുഖാമുഖം കണ്ട നഴ്‌സിങ് വിദ്യാര്‍ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ ഭീതി പരക്കുമ്പോഴാണ് നഴ്‌സിങ് വിദ്യാര്‍ഥിനിയെ നിപാ ബാധിച്ച് മെഡിക്കല്‍കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്.
ജനറല്‍ നഴ്‌സിങ് വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിക്ക് നിപാ ബാധിച്ചത് പഠനപരിശീലനത്തിനിടെയാണ്. പരിശീലനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചു വരെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു ഇവര്‍. മെയ് നാലിന് അര്‍ധരാത്രിയാണ് പേരാമ്പ്ര സ്വദേശി മുഹമ്മദ് സാബിത്തിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സാബിത്തില്‍ നിന്നാവാം വൈറസ് ബാധയേറ്റതെന്നു വിദഗ്ധ സംഘം സംശയിക്കുന്നു. നിപാ ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയെ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അതേ ദിവസമാണ് നഴ്‌സിങ് വിദ്യാര്‍ഥിനിയും പനി ബാധിച്ച് ചികില്‍സ തേടിയത്. പനി അധികമായി മസ്തിഷ്‌കജ്വരമായി അര്‍ധബോധാവസ്ഥയിലാണ് അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ഹൃദയത്തിന്റെ പമ്പിങ്ങിനെ ബാധിക്കുന്ന മയോകാര്‍റെസറ്റിസ്, ശ്വാസതടസ്സം, കടുത്ത ചുമ, ബോധക്ഷയം തുടങ്ങി ഗുരുതരാവസ്ഥകളിലൂടെയാണ് വിദ്യാര്‍ഥിനി കടന്നുപോയത്. നഴ്‌സിങ് വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും കഠിനമായി പ്രയത്‌നിച്ചു. ഇപ്പോള്‍ വാര്‍ഡില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യും. നഴ്‌സിങ് വിദ്യാര്‍ഥിനിക്കൊപ്പം നിപാ സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.
Next Story

RELATED STORIES

Share it