മരണത്തിന്റെ ആഴങ്ങളില്‍നിന്ന് ജോസഫ് ജീവിത തീരത്തേക്ക്

രവീന്ദ്രനാഥന്‍  കൊയിലാണ്ടി: ജീവിതത്തിനും മരണത്തിനുമിടയിലെ ഓളപ്പരപ്പിനു മുകളില്‍ ആറുനാള്‍ ഒഴുകിനീങ്ങുമ്പോള്‍ ജോസഫിന്റെ മനസ്സില്‍ പ്രതീക്ഷയുടെ കടല്‍ വറ്റിപ്പോയിരുന്നു. നിശ്ശബ്ദനായി മരണത്തിനു വഴങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തിയ ഏതോ നിമിഷത്തിലാണ് ഒരു ബോട്ടും അതിലെ ജീവനക്കാരും ഈ മല്‍സ്യത്തൊഴിലാളിയെ ഓഖി ദുരന്തത്തിലെ മരണപ്പട്ടികയില്‍നിന്നും വെള്ളത്തില്‍നിന്നും കൈപിടിച്ചു കയറ്റിയത്. ഓഖി ദുരന്തത്തില്‍പ്പെട്ട് ആറ് ദിവസം കടലില്‍ കിടന്ന തിരുനെല്‍വേലി സ്വദേശി ജോസഫിന് ഓര്‍മകള്‍ തിരിച്ചുവയ്ക്കുമ്പോള്‍ ആ നാളുകള്‍ ഒരു സിനിമാ തിരക്കഥയായി തോന്നുന്നു. കഴിഞ്ഞ മാസം 28നാണ് എറണാകുളം തോപ്പുംപടിയില്‍ നിന്ന് പുല്ലുവിള പുഷ്പരാജിന്റെ ചെറുവള്ളത്തില്‍ മുരുകന്‍, സതീശന്‍ എന്നിവരോടൊപ്പം മല്‍സ്യബന്ധനത്തിനു പുറപ്പെട്ടത്. ഓഖിയുടെ താണ്ഡവം ഇവരുടെ വള്ളത്തേയും ആഴങ്ങളിലേക്കു കൊണ്ടുപോയി. തോണി മറിഞ്ഞ് ആറ് ദിവസം കടലില്‍ ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെയുള്ള ഒഴുകിനീങ്ങല്‍. കൂടെയുണ്ടായിരുന്ന സതീശനും മുരുകനും ജോസഫിനൊപ്പം മൂന്നു ദിവസം കടലില്‍ കൂടെയുണ്ടായിരുന്നു. പിന്നെ അവരെയും കാണാതായി. ഒടുവില്‍, ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ ഒരു ബോട്ട്് ജോസഫിനരികിലെത്തി. ജീവനക്കാ ര്‍ ഇയാളെ കയര്‍കെട്ടി ബോട്ടിലേക്ക് കയറ്റി മംഗലാപുരം മരപ്പയില്‍ എത്തിക്കുകയായിരുന്നു. മരപ്പയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം 500 രൂപയും നല്‍കി ഇവര്‍ ജോസഫിനെ വിടുകയായിരുന്നു. തുടര്‍ന്ന് വടകരയില്‍ എത്തിയ ജോസഫ് ഇന്നലെ ഉച്ചയോടെയാണ് കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയത്. മല്‍സ്യത്തൊഴിലാളികളോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വാങ്ങിത്തരണമെന്നും പറഞ്ഞു. ജോലി തരണമെന്നു ജോസഫ് ഇവരോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജോസഫ് തന്റെ കടല്‍ക്കഥ പങ്കുവച്ചത്.  മല്‍സ്യത്തൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡ് പോലിസ്, കൊയിലാണ്ടി പോലിസ് എന്നിവരെ വിവരമറിയിച്ചു. ജോസഫിപ്പോള്‍ കൊയിലാണ്ടി പോലിസ് സ്‌റ്റേഷനിലുണ്ട് തിരിച്ചുകിട്ടിയ ജീവനുംകൊണ്ട്.
Next Story

RELATED STORIES

Share it