malappuram local

മരണം: രണ്ടു കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കി

മലപ്പുറം:     ജില്ലയില്‍ നിപാ വൈറസ് ബാധിച്ച് മരിച്ച രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നിപാ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കര്‍മ സേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയില്‍ മൂന്നുപേരാണ് നിപാ വൈറസ് ബാധിച്ച് മരിച്ചത്.
ഇതില്‍ മൂര്‍ക്കനാട് വില്ലേജിലെ തടത്തില്‍തോട് വേലായുധന്‍, തെന്നല വില്ലേജില്‍ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറിയത്. എന്നാല്‍, മൂന്നിയൂര്‍ മേച്ചേരി ബിന്ദുവിന്റെ ബന്ധുക്കള്‍ക്കുള്ള തുക ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ല. വലിയ തുക അക്കൗണ്ട് വഴിമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ അതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ബിന്ദുവിന്റെ കുടുംബത്തിനുള്ള തുക ഇന്ന് മൈകാറും.   അതീവ ജാഗ്രതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനു 2000 പിപി കിറ്റുകള്‍ (പേഴ്‌സനല്‍ പ്രൊട്ടക്ട് കിറ്റ്) എത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന യോഗത്തില്‍ അറിയിച്ചു. വൈറസ് ഭീതിയുള്ള സഹചര്യങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഈ വ്യക്തിഗത സംരക്ഷണ കവചം ഉപയോഗിക്കാം. പകര്‍ച്ചപ്പനിയും മറ്റുമായി എത്തുന്ന രോഗികളെ ആശങ്കയില്ലാതെ ശുശ്രൂഷിക്കുന്നതിന് ഇത് സംരക്ഷണം ഒരുക്കും.
ജില്ലയില്‍ ആരോഗ്യ രംഗത്ത് തുടര്‍ച്ചയായി പകര്‍ച്ചപ്പ്‌നി തുടരുന്ന സഹചര്യത്തില്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ജില്ലാ കലക്ടര്‍ അവലോകനം ചെയ്യും. വൈറസ് ആശങ്കയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന 150 പേര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ എതെങ്കിലും തരത്തില്‍ രോഗ സംശയമുള്ളവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ നിന്നുള്ള 50 ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ നിന്ന് അഞ്ചുപേരെ തിരഞ്ഞെടുത്താണ് നിപായുമായി ബന്ധപ്പെട്ടുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍മാരായി ഉപയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പിപി കിറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗൗണ്‍, എന്‍-95, തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കിറ്റുകള്‍. തിരൂര്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ തിരൂര്‍ റവന്യൂ ഡിഷിഷന്‍ കേന്ദ്രീകരിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. നിപാ സര്‍വൈലന്‍സ് നോഡല്‍ ഓഫിസര്‍ ഡോ. ശ്രീബിജു ക്ലസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it