മരണം മൂന്നായി രോഗബാധ: എവറസ്റ്റ് ആരോഹകര്‍ മടങ്ങുന്നു

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തില്‍ നാലു ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കടുത്ത രോഗബാധയെ തുടര്‍ന്ന് മുപ്പതോളം പേര്‍ ബേസ് ക്യാംപിലേക്കു മടങ്ങിയിട്ടുമുണ്ട്. രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. കൊടുമുടി കീഴടക്കി ഷെര്‍പ്പകളുടെ സഹായത്തോടെ തിരിച്ചിറങ്ങുമ്പോഴാണ് സുഭാഷ് പോള്‍ എന്ന ഇന്ത്യക്കാരന്‍ മരിച്ചത്.
ഡച്ചുകാരനായ എറിക് ആറെ അര്‍നോള്‍ഡ് വെള്ളിയാഴ്ച കൊടുമുടിയിലേക്ക് കയറുന്നതിനിടെ കൊല്ലപ്പെട്ടിരുന്നു. കാലാവസ്ഥ മോശമായി തുടങ്ങിയതോടെ ഉയര്‍ന്ന താവളങ്ങളില്‍ തമ്പടിച്ച സാഹസികര്‍ മടക്കം തുടങ്ങിയിട്ടുണ്ടെന്ന് നേപ്പാള്‍ വിനോദസഞ്ചാര വകുപ്പധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ഭൂമികുലുക്കത്തിനു ശേഷം എവറസ്റ്റ് കൊടുമുടി കയറുന്നതിനുണ്ടായിരുന്ന വിലക്ക് ഈയിടെയാണ് നീക്കിയത്. രണ്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച കാലാവസ്ഥയായിരുന്നു എവറസ്റ്റിലുണ്ടായിരുന്നത്. ഇത് ഉപയോഗപ്പെടുത്തി കൊടുമുടി കീഴടക്കാന്‍ സാഹസികര്‍ കൂട്ടത്തോടെ എത്തിയിരുന്നു. 400 പേരാണ് കഴിഞ്ഞ മെയ് 11 മുതല്‍ നേപ്പാള്‍ ഭാഗത്തുനിന്നു മാത്രമെത്തിയത്. എവറസ്റ്റിലേക്ക് ഈ വര്‍ഷം ചൈനയുടെ ഭാഗത്തുനിന്നും കയറി വിജയക്കൊടി നാട്ടിയവരുമുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ നേപ്പാളി സ്ത്രീ ലാക്പാ ഷെര്‍പ്പ ചൈനയില്‍ നിന്നാണ് എവറസ്റ്റ് കയറിയത്. കാലാവസ്ഥയുടെ ആനുകൂല്യം മുതലെടുത്ത് കൊടുമുടി കീഴടക്കാനിറങ്ങിയവരെ അപ്രതീക്ഷിതമായുണ്ടായ ഹിമപാതമാണ് പ്രയാസപ്പെടുത്തിയത്.
Next Story

RELATED STORIES

Share it