മരണം ഉള്‍ക്കൊള്ളാനാവാതെ സഹപ്രവര്‍ത്തകര്‍

കൊച്ചി:  നിറഞ്ഞ ചിരിയോടെ മാത്രം തങ്ങളെ അഭിസംബോധന ചെയ്ത നടന്‍ ജിഷ്ണുവിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍.  ജിഷ്ണുവിന്റെ ആത്മാവിന് നിത്യ ശാന്തി നേരാനേ തനിക്കാവൂ എന്നായിരുന്നു നടന്‍ ഇന്നസെന്റിന്റെ ആദ്യ പ്രതികരണം. രോഗം ബാധിച്ചിരുന്നുവെങ്കിലും എപ്പോഴും ഊര്‍ജസ്വലനായിരുന്നു ജിഷ്ണു. തനിക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ ധൈര്യം തന്നതും ജിഷ്ണുവായിരുന്നു. നാലുമാസം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചു കാണുമ്പോള്‍ അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അതൊന്നും വകവയ്ക്കാതെ തന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ജിവിതത്തിലേക്ക് തിരിച്ചു വരാനാവുമെന്ന ആത്മവിശ്വാസം ജിഷ്ണുവിനുണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ജീവിതത്തെക്കുറിച്ചു ഏറെ  പ്രതീക്ഷയുള്ള വ്യക്തിയായിരുന്നു ജിഷ്ണുവെന്ന് സംവിധായകന്‍ കമല്‍. സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലും കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു ജിഷ്ണു.  താന്‍ അസുഖബാധിതനാണെന്ന് സമ്മതിക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. രോഗം ഭേദമായി സിനിമയില്‍ സജീവമാകാനിരിക്കെയായിരുന്നു അര്‍ബുദം വീണ്ടും അദ്ദേഹത്തില്‍ പിടിമുറുക്കിയത്. മനക്കരുത്തോടെ ജീവിതത്തെ നേരിട്ട ജിഷ്ണു നമുക്ക് മാതൃകയാണെന്നും കമല്‍ പറഞ്ഞുഎല്ലാവരോടും വളരെ വിനയത്തോടെയാണ് ജിഷ്ണു പെരുമാറിയിരുന്നതെന്ന് നടന്‍ ജഗദീഷ്. ജീവിതത്തെ എന്നും ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ജിഷ്ണുവിന് അദ്ദേഹത്തിന്റെ കഴിവിനൊത്ത് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ജഗദീഷ് അനുസ്മരിച്ചുജിഷ്ണു എപ്പോഴും ജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തി ജിഷ്ണുവിനെ കണ്ടിരുന്നു. അന്ന് രോഗത്തിന്റെ വിഷമതകളൊന്നും  കാണിച്ചിരുന്നില്ല. ചിരിച്ച് സന്തോഷത്തോടെയിരിക്കുന്ന ജിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ അച്ഛന്‍ രാഘവനും മനസ്സിലെ വിഷമമൊന്നും പുറത്തു കാട്ടാതെ നിന്നത് തന്റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രോഗം ഭേദമാവുന്നുവെന്നാണ് ജിഷ്ണു  എപ്പോഴും പറഞ്ഞിരുന്നതെന്നും മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നുംതങ്ങള്‍  ഭാവന പറഞ്ഞു.
Next Story

RELATED STORIES

Share it