മരട് സ്‌കൂള്‍ വാഹനാപകടംഡ്രൈവറെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യംചെയ്യും: പോലിസ്

കൊച്ചി: രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച മരടിലെ സ്‌കൂള്‍ വാഹനാപകടത്തില്‍ ഡ്രൈവറുടെ മൊഴി രണ്ടുദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. സ്‌കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരട് ജയന്തി റോഡില്‍ മിനക്കേരി വീട്ടില്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാവുന്നമുറയ്ക്ക് സ്‌റ്റേഷനിലെത്തണമെന്നാണ് തൃപ്പൂണിത്തുറ ട്രാഫിക് പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ അനില്‍കുമാറിനെ ചോദ്യംചെയ്യാനായേക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. അനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയശേഷം വീണ്ടും അപകടസ്ഥലം പരിശോധിക്കും. അതിനുശേഷം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.  എന്നാല്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടത് അശ്രദ്ധ കൊണ്ടല്ലെന്ന നിലപാടിലാണ് ഡ്രൈവര്‍. വാഹനം അമിത വേഗതയിലായിരുന്നില്ല. റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. അതേസമയം അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരി കാരോളിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
Next Story

RELATED STORIES

Share it