ernakulam local

മരട് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കും ; യുഡിഎഫ് വിമതന്‍ വൈസ് ചെയര്‍മാന്‍



മരട്: നഗരസഭയില്‍ ഇന്നലെ നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാനായി ജബ്ബാര്‍ പാപ്പന തെരഞ്ഞെടുക്കപ്പെട്ടു.  യുഡിഎഫിന്റെ വിമതനായി  സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച കൗണ്‍സിലര്‍ ജബ്ബാര്‍ പാപ്പന, എല്‍ഡിഎഫിലെ സിപിഎമ്മിന്റെ പ്രമുഖനായ കെ എ ദേവസിയെ പതിനാറിനെതിരേ, പതിനേഴു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് യുഡിഎഫ് വൈസ് ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തിയത്. യുഡിഎഫിന്റെ മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം ആന്റണി ആശാംപറമ്പില്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വൈസ് ചെയര്‍മാന്‍ സീറ്റ് വിമതനെ കൂട്ട് പിടിച്ച് നിലനിര്‍ത്തുകയായിരുന്നു.ഇതു മൂലം ഇടതുവലതു മുന്നണി ചേര്‍ന്നു ഭരണം നടത്തിയിരുന്ന മരട് നഗരസഭ യുഡിഎഫിനൊപ്പം ആകുമെന്നുറപ്പായി.ഇത് മുന്നില്‍ കണ്ട് തന്നെ ഉച്ചയ്ക്കുശേഷം നഗരസഭ ചെയര്‍പെഴ്‌സനെതിരെ യൂഡിഎഫ് അംഗങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് റീജനല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അവിശ്വാസത്തിനു നോട്ടീസ് നല്‍കി. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വൈകിട്ടോടെ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആര്‍ കെ സുരേഷ് ബാബു രാജിവെക്കുകയും ചെയ്തു.ഇടതു പക്ഷത്തിന് ഒരു സ്വതന്ത്ര വനിതയും, വലതുപക്ഷത്തിന് രണ്ട്‌കോണ്‍ഗ്രസ് വിമതരുടെ പിന്തുണയുമുണ്ട്.മുന്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഐ വിഭാഗം നേതാവായ കെ ബി മുഹമ്മദുകുട്ടിയും, മുന്‍ എംഎല്‍എ ഡോമനിക്ക് പ്രസന്റേഷനും, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദുമായി ചര്‍ച്ച ചെയ്താണ് പരിഹാരം കണ്ടത്. നഗരസഭയില്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസറായി അബ്ദുള്‍ സത്താര്‍ മേല്‍നോട്ടം വഹിച്ചു.
Next Story

RELATED STORIES

Share it