മരടില്‍ സ്‌കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് 2 കുട്ടികളും ആയയും മരിച്ചു

കൊച്ചി: പ്ലേ സ്‌കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങിയ സ്‌കൂള്‍ വാഹനം ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. രക്ഷപ്പെട്ടവരില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്. ചികില്‍സയിലുള്ള ഒരു കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
മരടില്‍ വാടകയ്ക്കു താമസിക്കുന്നവരായ കാക്കനാട് വാഴക്കാല ഐശ്വര്യയില്‍ സനല്‍കുമാറിന്റെ ഏകമകള്‍ വിദ്യാലക്ഷ്മി (4), ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ ശ്രീജിത്തിന്റെ ഏകമകന്‍ ആദിത്യന്‍ (4), ഡേ കെയറിലെ ആയ മരട് കൊച്ചിറ പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (42 ) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ മരട് സ്വദേശി അനില്‍കുമാര്‍ (40), മരട് പാടത്തുംലെയിന്‍ കരോലിന്‍ (5) എന്നിവരാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. പ്ലേ സ്‌കൂളില്‍ നിന്ന് കുട്ടികളെ പല ഭാഗത്തും ഇറക്കിയതിനുശേഷം കാട്ടിത്തറ ക്ഷേത്രത്തിനു സമീപത്തെ വളവ് തിരിയുന്നതിനിടയില്‍ വാഹനം നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ആഴം കുറവായിരുന്നിട്ടും ചളി നിറഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം. വാഹനത്തില്‍ എട്ട് കുട്ടികളുണ്ടായിരുന്നു. ആദ്യം വാഹനത്തിന്റെ ഒരു വശം കുളത്തിലേക്ക് സാവധാനം ചരിഞ്ഞു. ഈ സമയം ഓടിയെത്തിയവര്‍ കുട്ടികളെ ഒന്നൊന്നായി പുറത്തേക്കെടുത്തു. അല്‍പസമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായും കുളത്തിലേക്ക് മറിഞ്ഞു.  മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളും ആയയും മരിച്ചിരുന്നു.
കലക്ടറുടെ നിര്‍ദേശപ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനാണ് ആദിത്യന്റെ പിതാവ് ശ്രീജിത്ത്. മാതാവ്: പ്രിയ.
ആദിത്യന്റെ മൃതദേഹം ചെങ്ങന്നൂരില്‍ കുടുംബവീട്ടിലേക്കു കൊണ്ടുപോയി. സ്മിഷയാണ് വിദ്യാലക്ഷ്മിയുടെ മാതാവ്. വിദ്യാലക്ഷ്മിയുടെ സംസ്‌കാരം ഇന്നു നടക്കും.  വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Next Story

RELATED STORIES

Share it