malappuram local

മരച്ചില്ലകള്‍ വെട്ടിമാറ്റിയ സംഭവംമൃഗശാലാ മേധാവികള്‍ക്കെതിരായ ഹരജിയില്‍ ഇന്നു വാദം കേള്‍ക്കും

മഞ്ചേരി: ആലങ്കോട് വില്ലേജ് ഓഫിസ് പരിസരത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റിയപ്പോള്‍ കൂട് നഷ്ടപ്പെട്ട പക്ഷികളെ മൃഗശാലയില്‍ ഏറ്റെടുക്കാതെ തിരിച്ചയച്ച സംഭവത്തില്‍ മഞ്ചേരി ഫോറസ്റ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. തൃശൂര്‍ മൃഗശാല സൂപ്രണ്ടിനും തിരുവനന്തപുരം മ്യൂസിയം, മൃഗശാലാ വകുപ്പു ഡയറക്ടര്‍ക്കുമെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ് മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 75 നീര്‍ക്കാക്കകളെയും 14 കൊറ്റികളെയും ഫോറസ്റ്റ് കോടതി ഉത്തരവ് അനുസരിച്ചാണ് വനംവകുപ്പ് അധികൃതര്‍ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചിരുന്നത്.
89 പക്ഷികളെ പ്രത്യേകം പാര്‍പ്പിക്കാന്‍ സൗകര്യം ഇല്ലെന്നു പറഞ്ഞു മൃഗശാല അധികൃതര്‍ പക്ഷികളെ തിരിച്ചയക്കുകയായിരുന്നു. പക്ഷികള്‍ നിലവില്‍ വനംവകുപ്പിന്റെ സംരക്ഷണയിലാണ്. തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ആലംകോട് വില്ലേജ് ഓഫിസ് പരിസരത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റിയപ്പോള്‍ നൂറുകണക്കിനു പക്ഷിക്കുഞ്ഞുങ്ങള്‍ കൂട് തകര്‍ന്ന് ചത്തു വീഴുകയും ഇരുന്നൂറോളം പക്ഷികള്‍ക്ക് വാസസ്ഥലമില്ലാതാവുകയും ചെയ്തിരുന്നു. വില്ലേജ് ഓഫിസ് പരിസരത്തെ മരങ്ങളില്‍ പക്ഷികള്‍ വ്യാപകമായി കൂടൊരുക്കിയതിനാല്‍ ഇവയുടെ വിസര്‍ജ്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും ശല്യമാവുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മരച്ചില്ലകള്‍ വെട്ടിയതെന്നാണ് അധികൃത ഭാഷ്യം. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിഷയത്തിലിടപെട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. വില്ലേജിലെ മരം മുറിയും പക്ഷികള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട് വനം വന്യജീവി വകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തില്‍ ആലങ്കോട് വില്ലേജ് ഓഫിസര്‍ക്കെതിരേയും മരം മുറിച്ച തൊഴിലാളികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it