ernakulam local

മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കാലടി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയ്ക്കു സമീപം നില്‍ക്കുന്ന മരങ്ങള്‍ ഉടമകളുടെ അനുവാദമില്ലാതെ മുറിക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. കാഞ്ഞൂര്‍ പഞ്ചായത്തിലെ തുറവുംകരയിലാണ് സംഭവം.
പുരയിടങ്ങളില്‍ റണ്‍വേ സംരക്ഷണഭിത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന തേക്ക്, പുളി, മാവ്, ജാതി തുടങ്ങിയ വൃക്ഷങ്ങളുടെ കായ്ഫലമുള്ളതും അല്ലാത്തതുമായ ചില്ലകളാണ് സിയാല്‍ അധികൃതര്‍ മുറിച്ചു കടത്തുന്നത്.വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം സിയാല്‍ അധികൃതര്‍ മരം മുറിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെയും ഭൂവുടമകളെയും സമീപിച്ചിരുന്നു. അന്ന് മുറിക്കുന്ന മരത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമകളും ആവശ്യമുന്നയിച്ചു.
ചുളുവിലയ്ക്ക് ഭൂമി കൈക്കലാക്കിയപോലെ ഈ ആവശ്യവും നേടിയെടുക്കാമെന്ന വ്യാമോഹം നടക്കില്ലെന്ന് കണ്ടപ്പോള്‍ ഇവര്‍ പിന്മാറുകയായിരുന്നു. ഇപ്പോള്‍ ഭൂവുടമകളുടേയും താമസക്കാരുടേയും അനുമതിയില്ലാതെ മതിലിനകത്തുള്ള റോഡിലൂടെ വലിയ ക്രെയിന്‍ കൊണ്ടുവന്ന് മിഷ്യന്‍ ഉപയോഗിച്ച് വലുതും ചെറുതുമായ ചില്ലകള്‍ മുറിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയാണ്. സുരക്ഷിതത്വ കാരണം പറഞ്ഞ് തേക്കുള്‍പ്പെടെയുള്ള മരങ്ങള്‍ക്ക് വലിയ വിലയുള്ളപ്പോള്‍ ഉടമകള്‍ നോക്കിനില്‍ക്കേ ഇവ കടത്തിക്കൊണ്ടു പോവുന്നത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. മുറിക്കുന്ന മരങ്ങള്‍ക്ക് ന്യായവില നല്‍കണമെന്നും ചില്ലകള്‍ ഉടമകള്‍ക്ക് നല്‍കമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വരുംദിവസങ്ങളില്‍ അധികൃതരെ കണ്ട് പരാതി നല്‍കുന്നതിനും മരംവെട്ട് തടയുവാനുമാണ് തയ്യാറെടുക്കുന്നത്.
Next Story

RELATED STORIES

Share it