മരം വീണ് ട്രെയിനുകള്‍ വൈകി

ഫറോക്ക്: കാറ്റില്‍ തണല്‍മരവും തെങ്ങും വൈദ്യുതിലൈനിന് മുകളിലൂടെ ട്രാക്കില്‍ വീണ് ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ആറ് മണിക്കൂര്‍ ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. കടലുണ്ടി ഗേറ്റിന് 100 മീറ്ററോളം വടക്കായി പടിഞ്ഞാറെ ട്രാക്കില്‍ ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു സംഭവം. സമീപത്തെ പറമ്പിലെ തണല്‍മരം കാറ്റില്‍ മുറിഞ്ഞ് വൈദ്യുതീകൃത ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരത്തോടൊപ്പം തൊട്ടടുത്ത തെങ്ങും മുറിഞ്ഞുവീണു. ഈ സമയത്ത് കടന്നുപോവേണ്ട കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഫറോക്ക് സ്റ്റേഷന്‍ വിട്ടിരുന്നു. ഇത് വഴിയില്‍ പിടിച്ചിട്ടു. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് വള്ളിക്കുന്നിലും പിടിച്ചിട്ടു.
വൈദ്യുതിക്കമ്പികള്‍ പലയിടങ്ങളിലായി തകരാറിലായതോടെ ട്രാക്കില്‍ നിന്ന് മരം മുറിച്ചുമാറ്റിയിട്ടും ഗതാഗതം പുനസ്ഥാപിക്കാനായില്ല. 11.30ഓടെ ലൈനുകള്‍ ശരിയാക്കി ട്രാക്ക് ഗതാഗത സജ്ജമാക്കിയെങ്കിലും വൈദ്യുതി ചാര്‍ജ് ചെയ്യാന്‍ പിന്നെയും രണ്ട് മണിക്കൂറെടുത്തു. വിവിധ ട്രെയിനുകള്‍ ഒരു മണിക്കൂര്‍ മുതല്‍ 6 മണിക്കൂര്‍ വരെ വൈകി.
Next Story

RELATED STORIES

Share it