ernakulam local

മരം അപകട ഭീഷണിയില്‍: വെട്ടിനീക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല

കാക്കനാട്: അപകട ഭീഷണിയില്‍ കെട്ടിടത്തിനോട് ചേര്‍ന്ന് റോഡരികില്‍ നില്‍ക്കുന്ന മരം വെട്ടിമാറ്റുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. തൃക്കാക്കര നഗരസഭയ്ക്കടുത്ത് പോലിസ് സ്‌റ്റേഷന്‍ റോഡരികില്‍ വൈദ്യുതി ഓഫിസ് കെട്ടിടത്തിനോട് തൊട്ടു ചേര്‍ന്നാണ് മരം നില്‍ക്കുന്നത്. മരത്തിന്റെ ചുവട് ഭാഗം ഉണങ്ങി ദ്രവിച്ച നിലയിലാണ്. ശക്തിയായ കാറ്റുണ്ടായാല്‍ മറിഞ്ഞ് കെട്ടിടത്തിലേക്ക് വീഴുന്ന അവസ്ഥയിലാണ്. രണ്ട് ആധാരമെഴുത്ത് ഓഫിസുകള്‍, ചായക്കട എന്നിവയാണ് മരത്തിന്റെ ചുവടിനോട് ചേര്‍ന്ന് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളിലെല്ലാം ഇവിടെ ജനങ്ങള്‍ വന്നു പോവുന്നിടമാണ്. റോഡിനോട് ചേര്‍ന്ന് എതിര്‍ ഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാന്റുമാണ്. വൈദ്യതി ഓഫിസില്‍ കറന്റ് ബില്ല് അടക്കാള്‍ വരുന്നവരുടെ വാഹനങ്ങള്‍ ഈ മരച്ചുവട്ടിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഈ മരത്തിനെ താങ്ങി നിര്‍ത്തുന്നത് വിവിധ കമ്പനികളുടെതായി തലങ്ങും വിലങ്ങുമായി കടന്നു പോവുന്ന ഇന്റര്‍നെറ്റ് കേബിളുകളാണ്. അപകട സ്ഥിതിയിലല്ലാത്ത ഏതാനും തണല്‍വൃക്ഷങ്ങള്‍ കഴിഞ്ഞ ദിവസം നഗരസഭ വെട്ടിമാറ്റിയിട്ടും നഗരസഭയുടെ കണ്‍മുമ്പില്‍ അപകട സ്ഥിതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it