Alappuzha local

മരംവീണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു

എടത്വാ: ശദാബ്ദി ആഘോഷം കഴിഞ്ഞ തലവടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. അധ്യായന ദിനം അല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. പ്ലസ് ടു കെട്ടിടത്തിന് സമീപത്ത് നിന്ന വലിയ പഞ്ഞിമരമാണ് ഓടു മേഞ്ഞ കെട്ടിടത്തിന് മുകളിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ട് ക്ലാസ്‌റൂം പൂര്‍ണമായും ഒന്ന് ഭാഗികമായും തകര്‍ന്നു.
ഞായറാഴ്ച ദിവസം ആയതിനാല്‍ ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുനിനതിനാല്‍ ദുരന്തം ഒഴിവായി. ഒരു വര്‍ഷകാലമായി നീണ്ടുനിന്ന ശതാബ്ദി ആഘോഷത്തിന് കഴിഞ്ഞ ആഴ്ചയാണ് സമാപനം കുറിച്ചത്.
സംഭവത്തെ തുടര്‍ന്ന് പ്രഥമ അധ്യാപിക സുഭദ്ര ദേവി, വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ സ്ഥലത്ത് എത്തി വിവരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിനെ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത്. കെട്ടിടം തകര്‍ന്നതോടെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റാന്‍ പോലും സ്ഥലമില്ലാത്ത ഇരുനൂറേളം വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങുന്ന അവസ്ഥയാണ്.
അവസാന ടേം പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പഠിത്തം മുടങ്ങുമെന്ന് അങ്കലാപ്പിലാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും.
ജില്ല പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം സ്‌കൂളില്‍ എന്‍ജിനിയര്‍മാര്‍ എത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സ്‌കൂളിന്റെ പണി ഉടന്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it