kannur local

മയക്കു വെടിയേറ്റിട്ടും ചുള്ളിക്കൊമ്പന്റെ പരാക്രമം; കൂടിന്റെ ഒരു ഭാഗം തകര്‍ത്തു



ഇരിട്ടി: ആറളം ഫാമില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ ചുള്ളിക്കൊമ്പന്റെ ശൗര്യം അടങ്ങുന്നില്ല. രണ്ട് മയക്കുവെടിയേറ്റിട്ടും ആനയുടെ പരാക്രമം തുടരുകയാണ്. കൂട് തകര്‍ത്ത് പുറത്തുചാടാന്‍ ചുള്ളിക്കൊമ്പന്‍ നടത്തുന്ന ശ്രമം തടയാന്‍, കുട്ടിലടയ്ക്കാന്‍ ഉണ്ടായതിനേക്കള്‍ പ്രയാസപ്പെടുകയാണ്. കൂടിന്റെ മരത്തടികള്‍ അടിച്ചുപൊട്ടിക്കുന്ന വിധത്തിലാണ് ചുള്ളിക്കൊമ്പന്റെ പ്രകടനം. കേടുപാടുണ്ടായ മരത്തടികള്‍ അധികൃതര്‍ മാറ്റി. മയക്കുവെടി വച്ച് പിടികൂടുന്ന കാട്ടാനകള്‍ ആദ്യത്തെ മൂന്ന് ദിവസം അക്രമസ്വഭാവം പ്രകടിപ്പിക്കുമെങ്കിലും ഇത്ര രൂക്ഷമാവാറില്ലെന്നത് അധികൃതരെ ജാഗ്രതയിലാക്കുന്നു. സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചുള്ളിക്കൊമ്പനെ കാണാന്‍ അനുമതിയില്ല. യൂക്കാലിപ്‌സ് മരങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മെരുക്കല്‍ കൂടിന് സമീപം നെറ്റ് ഉപയോഗിച്ച് തടസ്സം തീര്‍ത്തു. നിരീക്ഷണ കാമറകള്‍ കൂടിന് സമീപം ഉടന്‍ സ്ഥാപിക്കും. ചുള്ളിക്കൊമ്പനെ മയക്കുവെടി വയ്ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന രണ്ട് കൊമ്പനാനകളും ആറളം ഫാമില്‍ നിന്ന് വന്യജീവി സങ്കേതത്തില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടിന് സമീപമെത്തിയാല്‍ കൂട് പൊളിച്ച് ചുള്ളിക്കൊമ്പനെ രക്ഷപ്പെടുത്തി കൊണ്ടുപോവാന്‍ ശ്രമം നടത്തും. ചുള്ളിക്കൊമ്പനോടൊപ്പം ഉണ്ടായ രണ്ട് കാട്ടാനകളും കൂട്ടിന് സമീപം എത്താതിരിക്കാനായി 24 മണിക്കൂറും കൂടിന് ചുറ്റും കാവലിനായി 10 വനപാലകരെ അധികമായി നിയമിച്ചു. രാത്രിയില്‍ കൂടിനു ചുറ്റും തീയിട്ടും മറ്റും പ്രതിരോധം തീര്‍ക്കുന്നുണ്ട്. കൊട്ടിയൂര്‍ റേഞ്ചര്‍ വി രതീശന്‍, ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി മധുസൂദനന്‍ എന്നിവര്‍ക്കാണ് ചുള്ളിക്കൊമ്പന്റെ പ്രത്യേക നിരീക്ഷണ ചുമതല. ഒരു മാസം വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക കൂടില്‍ താമസിപ്പിച്ച് ശാന്തമാക്കിയ ശേഷം കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിക്കാനാണ് തീരുമാനം. 25 വര്‍ഷം പഴക്കമുള്ള യൂക്കാലിപ്‌സ് മരങ്ങളുടെ ചുവടുമുറി എട്ട് മീറ്റര്‍ ഉയരത്തില്‍ മുറിച്ച് ആറടി മണ്ണില്‍ താഴ്ത്തി അഴികളിട്ടാണ് കൂട് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ തടികളാണ് ചുള്ളിക്കൊമ്പന്‍ തകര്‍ത്തിരിക്കുന്നത്. ബുധാനാഴ്ച 19 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ചുള്ളിക്കൊമ്പനെ മയക്കുവെടി വച്ച് തളച്ച്് ആറളം വനത്തിലെ കുട്ടിലെത്തിച്ചത്. ആദ്യ മയക്കുവെടിയില്‍ കൊമ്പന്‍ കുലുങ്ങിയില്ല. വെടിയേറ്റയുടന്‍ ഒപ്പമുണ്ടായിരുന്ന രണ്ട് ആനകള്‍ക്കൊപ്പം കുറച്ചുദൂരം ഓടി. പിന്നെ ചെറിയ മയക്കത്തില്‍ ഇരതേടിയുള്ള യാത്ര. സഹപ്രവര്‍ത്തകന്റെ ക്ഷീണം മാറ്റാന്‍ കൂടെയുള്ള രണ്ട് ആനകളും തൊട്ടും തലോടിയും ചുള്ളിക്കൊമ്പനെ സഹായിച്ചു. നാലുകിലോമീറ്ററാണ് ചുള്ളിക്കൊമ്പന്‍ വെടിയേറ്റിട്ടും നടന്നത്. മയക്കുവെടി വിദഗ്ധന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന വനപാലക സംഘം ആനയുടെ കുരുത്തില്‍ അന്തംവിട്ട് നിന്നു പോയി. മൂന്ന് കുങ്കിയാനകളില്‍ ഒന്നിന് നേരെ ചുള്ളിക്കൊമ്പന്‍ തിരിഞ്ഞതും ഇതിനിടയിലായിരുന്നു. കുങ്കിയാനകളുടെ സഹായത്താല്‍ മറ്റ് രണ്ട് ആനകളെയും ചുള്ളിക്കൊമ്പന്റെ അടുത്തുനിന്നു തുരത്തി. ഇതിന് ശേഷം രണ്ടാം തവണയും മയക്കുവെടി വച്ചാണ് ചുള്ളിക്കൊമ്പനെ മൂന്ന് കുങ്കിയാനകളുടെ സഹായത്താല്‍ തളച്ചത്. ബുധനാഴ്ച രാത്രി 11ഓടെയാണ് ആനയെ ആറളം വന്യജീവി സങ്കേതത്തില്‍ ഒരുക്കിയ കൂട്ടില്‍ തളച്ചത്. തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന കുങ്കിയാനയെ വ്യാഴാഴ്ച തന്നെ തിരിച്ചയച്ചു. മുത്തങ്ങയില്‍ നിന്നെത്തിച്ച മറ്റ് രണ്ട് കുങ്കിയാനകളും രണ്ട് ദിവസംകൂടി ആറളത്ത് ക്യാംപ് ചെയ്യും.
Next Story

RELATED STORIES

Share it