മയക്കുമരുന്ന് വ്യാപാരത്തില്‍ ബോളിവുഡ് നടിക്ക് പങ്ക്: പോലിസ്

താനെ: മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് മുന്‍ ബോളിവുഡ് താരം മമതാ കുല്‍ക്കര്‍ണിയെ മുഖ്യ പ്രതിയാക്കി പോലിസ് കേസെടുത്തു. മയക്കുമരുന്ന് രാജാവ് വിക്കി ഗോസ്വാമി നേതൃത്വം നല്‍കുന്ന കോടികളുടെ മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് സജീവ ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇപ്പോള്‍ കെനിയയിലുള്ള മമതയെ ഇന്ത്യയിലെത്തിക്കാന്‍ നടപടിയെടുക്കുമെന്ന് താനെ പോലിസ് കമ്മീഷണര്‍ പരംബിര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദമ്പതികള്‍ നല്‍കിയ മൊഴിയും അമേരിക്കയിലെ മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സിയില്‍ നിന്നു ലഭിച്ച വിവരങ്ങളും ലഹരിമരുന്ന് വ്യാപാരത്തില്‍ മമതയുടെ പങ്ക് സ്ഥിരീകരിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഗോസ്വാമിയും കെനിയയിലാണ്. മമതയെയും ഗോസ്വാമിയെയും ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍പോള്‍ വഴി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കും. മയക്കുമരുന്ന് വ്യാപാരത്തില്‍ മമതയ്ക്ക് സജീവമായ പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 17 പ്രതികളാണുള്ളത്. ഇതില്‍ ഏഴു പേര്‍ ഒളിവിലാണ്. പിടിയിലായ 10 പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ആസ്ത്മ രോഗശാന്തിക്കും മറ്റും ഉപയോഗിക്കുന്ന ഇഫെഡ്രിന്‍ എന്ന ഔഷധസസ്യമരുന്ന് രണ്ടു മാസം മുമ്പ് പിടിച്ചതോടെയാണ് ലഹരി മരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തായത്.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ ഏവണ്‍ ലൈഫ് സയന്‍സസ് ലിമിറ്റഡില്‍ നടന്ന റെയ്ഡില്‍ 2000 കോടിയോളം വിലമതിക്കുന്ന 18.5 ടണ്‍ മരുന്നാണ് പിടികൂടിയിരുന്നത്. ഏവണ്‍ ലൈഫ് സയന്‍സസിന്റെ സോലാപൂര്‍ യൂനിറ്റില്‍ നിന്നുള്ള മരുന്ന് സംസ്‌കരണ പ്രക്രിയയ്ക്കു ശേഷം വിദേശത്തേക്ക് അയക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it