kannur local

മയക്കുമരുന്ന് വില്‍പന: സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധന

കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ എഡിഎം ഒ മുഹമ്മദ് അസ്‌ലമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന നടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നിര്‍ദേശം. എക്‌സൈസ് വകുപ്പിന്റെ ഷാഡോ ടീമിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.
ആവശ്യമായ സ്ഥലങ്ങളില്‍ റെയ്ഡും മറ്റു നടപടികളും സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കൂത്തുപറമ്പ് ചെറുവാഞ്ചേരി മേഖലയില്‍ നാടന്‍ ചാരായത്തിന്റെയും മാഹി മദ്യത്തിന്റെയും വില്‍പന നടക്കുന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാനും യോഗം എക്‌സൈസിന് നിര്‍ദേശം നല്‍കി. 2015 ഡിസംബറില്‍ ജില്ലയില്‍ 109 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
667 തവണ മദ്യഷാപ്പുകള്‍ പരിശോധിച്ചു. 29 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും പരിശോധിച്ചു. 288 ലിറ്റര്‍ വിദേശ മദ്യവും 287 ലിറ്റര്‍ മാഹി മദ്യവും 25 ലിറ്റര്‍ ചാരായവും പിടികൂടി. 1355 ലിറ്റര്‍ വാഷും റെയ്ഡുകളില്‍ പിടിച്ചു. 2.76 കിലോഗ്രാം കഞ്ചാവും 2.6 ഗ്രാം ബ്രൗണ്‍ ഷുഗറും ഇക്കാലയളവില്‍ പിടികൂടുകയുണ്ടായി.യോഗത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ജോണ്‍സണ്‍ പി തോമസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it