മയക്കുമരുന്ന് കേസ്: കുവൈത്തില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ അടക്കം നാലുപേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ക്കോടതി വധശിക്ഷ വിധിച്ചു. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്(21), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ശാഹുല്‍ ഹമീദ്(40), മലപ്പുറം വാവൂര്‍ സ്വദേശി ഫൈസല്‍ മഞ്ഞോട്ട്ചാലില്‍(23) എന്നിവരാണു വധശിക്ഷ വിധിക്കപ്പെട്ട മലയാളികള്‍. വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചു.
കഴിഞ്ഞ ഏപ്രില്‍ 19നാണു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് അടങ്ങുന്ന പൊതിയുമായി കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. നാട്ടില്‍നിന്നു വരുകയായിരുന്ന ഇയാളുടെ പക്കല്‍നിന്നു ഹെറോയിന്‍ അടങ്ങുന്ന പൊതിയാണ് കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. തുടരന്വേഷണത്തിലാണ് ജിലീബ് അല്‍ ശുയൂഖിലെ താമസസ്ഥലത്ത് വച്ച് മലയാളികളായ മറ്റു രണ്ടു പ്രതികള്‍ പിടിയിലായത്. താമസസ്ഥലത്തുനിന്നു മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മൊത്തം നാലുകിലോ തൂക്കം വരുന്ന ഹെറോയിനാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ശുക്ലിയ സമ്പത്ത് എന്ന ശ്രീലങ്കന്‍ യുവതിയും പിടിയിലായി. സംഭവത്തില്‍ നാലുപേര്‍ക്കും നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് ക്രിമിനല്‍ക്കോടതി ജഡ്ജി മുതീഖ് അല്‍ അതീരി നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it