മയക്കുമരുന്നു മുക്തമാക്കാന്‍ 15 ജില്ലകളെ കേന്ദ്രം ദത്തെടുക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്നു മുക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പരീക്ഷണാടിസ്ഥാനത്തില്‍ 15 ജില്ലകള്‍ ദത്തെടുക്കുന്നു. വിശാഖപട്ടണം, പൂനെ, ഐസ്വാള്‍, ദിബ്രൂഗഡ്, ലുധിയാന എന്നിവയടക്കമുള്ള ജില്ലകളാണ് മയക്കുമരുന്ന് രഹിതമാക്കാന്‍ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ജില്ലകളെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്രയജ്ഞമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി മയക്കുമരുന്ന് ആവശ്യങ്ങള്‍ ലഘൂകരിക്കുന്ന നയത്തില്‍ മാറ്റംവരുത്തി പുതിയ കരടുനയം സാമൂഹിക ക്ഷേമ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് അയച്ചിട്ടുണ്ട്. ഉറക്കമരുന്നിന്റെയും വേദനസംഹാരികളുടെയും വില്‍പന നിയന്ത്രിക്കുന്നതിനും കരടില്‍ നിര്‍ദേശമുണ്ട്.
കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുകയാണു ലക്ഷ്യം. മയക്കുമരുന്നിന് അടിമകളായവരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് ഒരു വര്‍ഷത്തെ സംയോജിത സമഗ്ര കര്‍മ പദ്ധതി ഈ ജില്ലകളില്‍ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരഞ്ഞെടുത്ത ജില്ലകളിലെ നിലവിലെ മയക്കുമരുന്നു മുക്ത കേന്ദ്രങ്ങള്‍ കിടത്തിച്ചികില്‍സാ സൗകര്യമുള്ള കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനും കരടു നയത്തില്‍ നിര്‍ദേശമുണ്ട്. ഇവിടങ്ങളിലെ 25 ഫാക്ടറികളിലും വ്യവസായ കേന്ദ്രങ്ങളിലും മയക്കുമരുന്ന് മുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജയിലുകളില്‍ സ്ത്രീകള്‍ക്കായി 25 പ്രത്യേക മയക്കുമരുന്നുമുക്ത കേന്ദ്രങ്ങളും സ്ഥാപിക്കും. കരട് നയം മന്ത്രിതല സമിതിക്കാണ് സാമൂഹിക ക്ഷേമ മന്ത്രാലയം ആദ്യം സമര്‍പ്പിച്ചിരുന്നത്. സമിതിയുടെ നിര്‍ദേശ പ്രകാരം പരിഷ്‌കരിച്ച കരട് നയമാണ് മന്ത്രിസഭയ്ക്കയച്ചത്. രാജ്യത്തെ മയക്കുമരുന്നു ദുരപയോഗം നേരിടുന്നതിനായി തയ്യാറാക്കിയ കരട് ദേശീയനയം പരിശോധിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it