മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന മൊഴി: വിശദമായ അന്വേഷണം വേണമെന്നു ഹൈക്കോടതി

കൊച്ചി: കാക്കനാട്ടെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ സമുന്നതരായ വ്യക്തികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന 16കാരിയുടെ മൊഴി സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പോലിസിന് നിര്‍ദേശം നല്‍കി. തുടര്‍ന്നു പെണ്‍കുട്ടിയെയും സഹോദരിമാരെയും മാതാവിനെയും എസ്എന്‍വി സദനത്തില്‍ പാര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോയമ്പത്തൂരില്‍ ധ്യാനത്തിനു പോയ ഭാര്യയും മൂന്നു മക്കളും തിരികെവന്നില്ലെന്ന് ആരോപിച്ച് ചിറ്റൂര്‍ സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലെ നടപടികളെ തുടര്‍ന്നാണു ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടാവുന്നത്.
സീറോ മലബാര്‍ ചര്‍ച്ചില്‍ നിന്നു പുറത്താക്കിയ സെബാസ്റ്റ്യന്‍ കുണ്ടുകുളം അടക്കമുള്ളവര്‍ കോയമ്പത്തൂരിലെ മധുക്കരയില്‍ നടത്തുന്ന ആശ്രമത്തില്‍ ധ്യാനത്തിനു പോയതാണു ഭാര്യയും മക്കളുമെന്നാണു ഹരജിക്കാരന്‍ ആരോപിച്ചിരുന്നത്. കോടതി നിര്‍ദേശപ്രകാരം നാലു പേരെയും കസ്റ്റഡിയില്‍ എടുത്തു കൊണ്ടുവന്നു മൊഴി രേഖപ്പെടുത്തിയപ്പോള്‍ ചില വെളിപ്പെടുത്തലുകളുണ്ടായെന്ന് പോലിസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യം നടന്നെന്നാണു പോലിസ് മനസ്സിലാക്കിയത്.
2012 മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലും മയക്കമരുന്നു കലര്‍ന്ന മിഠായികള്‍ നല്‍കിയ ശേഷം സ്‌കൂള്‍ വാനില്‍ കയറ്റി സെന്റ് തോമസ് മൗണ്ട്, ദേജാവു, എറണാകുളത്തെ ബിഷപ് ഹൗസ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് 16കാരി മൊഴി നല്‍കിയത്. തുടര്‍ന്ന് പോക്‌സോയിലെ 7, 8 വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുട്ടികളുടെ മാതാവുമായി സംസാരിച്ചു. തന്റെ വനിതാ സുഹൃത്തിനൊപ്പം മറ്റൊരിടത്തു കഴിയാനാണു താല്‍പര്യമെന്ന് മാതാവ് അറിയിച്ചു.
സെബാസ്റ്റ്യന്‍ കുണ്ടുകുളം സമാന്തര ചര്‍ച്ച് നടത്തുകയാണെന്ന് ഇന്നലെ കേസ് പരിഗണനയ്ക്ക് വന്നയുടന്‍ പോലിസ് കോടതിയെ അറിയിച്ചു. കുട്ടികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടും കൗണ്‍സലിങ് നടത്തണമെന്നുമാണ് മനശ്ശാസ്ത്ര വിദഗ്ധന്‍ പറയുന്നത്. കോയമ്പത്തൂരിലെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടു സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പോലിസ് വാദിച്ചു. പോലിസ് വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കുട്ടികളെ മനംമാറ്റി കള്ളമൊഴി നല്‍കിച്ചതാണെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ പോക്‌സോ പ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നു പോലിസും അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it