മയക്കുമരുന്നിനെതിരേ പ്രതിഷേധം; മയക്കുമരുന്നു വ്യാപനം തടയാതെ പഞ്ചാബിന് ഭാവിയില്ല: രാഹുല്‍

ജലന്തര്‍: സംസ്ഥാനത്തെ രൂക്ഷമായ മയക്കുമരുന്ന് ഭീഷണി നിര്‍ത്തലാക്കാതെ പഞ്ചാബിന് മികച്ച ഭാവി സ്വപ്‌നം കാണാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. മയക്കുമരുന്നിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് നിയമലംഘനങ്ങളും തൊഴിലില്ലായ്മയും മറുവശത്ത് ലഹരി ഉപയോഗവും മൂലം സംസ്ഥാനം അപകടാവസ്ഥയിലാണ്. അധികാരത്തിലുള്ള അകാലിദള്‍ സര്‍ക്കാര്‍ ഇതിനെതിരേ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതെല്ലാം നിര്‍ത്തലാക്കും.
മയക്കുമരുന്ന് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഉഡ്താ പഞ്ചാബ് എന്ന സിനിമയെയും രാഹുല്‍ പരാമര്‍ശിച്ചു. സിനിമയ്ക്ക് അനുമതി നിഷേധിച്ചതിലൂടെ സംസ്ഥാനത്തെ അനിയന്ത്രിത ലഹരി ഉപയോഗം മറച്ചുവയ്ക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും നടപടികളെടുക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ ജീവിതം നശിപ്പിക്കുന്ന മയക്കുമരുന്നെന്ന ശത്രുവിനെതിരേ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഇതിനായി കോണ്‍ഗ്രസ് കൂടെയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ പ്രതിഫലംപറ്റുന്ന അകാലിദള്‍ നേതാക്കള്‍, ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴൊക്കെ എന്നെ പരിഹസിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it