മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിക്ക് തുടക്കം; കൊച്ചിയില്‍ മാത്രം അറുപതോളം കിയോസ്‌കുകള്‍

കൊച്ചി: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക് നടന്‍ സലിംകുമാറും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തു സ്ഥാപിച്ച കിയോസ്‌ക് നടന്‍ കുഞ്ചാക്കോ ബോബനും ഉദ്ഘാടനം ചെയ്തു. നമുക്കു വേണ്ട വെള്ളം നാം തന്നെ കണ്ടെത്തിയാല്‍ മാത്രമേ വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ സാധിക്കുകയുള്ളൂ എന്ന് കലൂരിലെ കിയോസ്‌കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ മമ്മൂട്ടി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയെ നേരിടാനായി ഈ മഴക്കാലത്തു തന്നെ നമ്മള്‍ സജ്ജമാവണമെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ് ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തു ലഭിക്കുന്ന വെള്ളം ഭൂമിയില്‍ തന്നെ സംഭരിച്ചാല്‍ വരള്‍ച്ചയെ നേരിടാനാവും. പുഴകളിലേക്കും കടലിലേക്കും ഒഴുകിപ്പോവുന്ന വെള്ളം നഷ്ടപ്പെടാതെ സംഭരിച്ചാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരമാവും. അതിനുള്ള മാര്‍ഗങ്ങളാണു കണ്ടെത്തേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും സലിംകുമാറും കുഞ്ചാക്കോ ബോബനും വാഗ്ദാനം ചെയ്തു. ആര്‍ നിശാന്തിനി ഐപിഎസും ചടങ്ങില്‍ പങ്കെടുത്തു.കൊച്ചിയില്‍ മാത്രം 60ഓളം കിയോസ്‌കുകളാണ് പദ്ധതിപ്രകാരം സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കുറും വെള്ളം ലഭ്യമാവുന്ന സജ്ജീകരണങ്ങളാണ് ഇവ.
ബസ് സ്റ്റാന്റുകള്‍, ബസ്‌സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലാണ് കിയോസ്‌കുകള്‍ പ്രധാനമായും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം, വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി സ്ഥലങ്ങളിലും വെള്ളം എത്തിച്ചു. തിങ്കളാഴ്ച മാത്രം വല്ലാര്‍പാടം ഏരൂര്‍, ഗിരിനഗര്‍, കോതമംഗലം നെല്ലിക്കുഴി, ചോറ്റാനിക്കര കുഴിയറ, മുളന്തുരുത്തി ഇടക്കാട്ടുവയല്‍, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് അറുപതിനായിരം ലിറ്റര്‍ വെള്ളം എത്തിച്ചു.
കേരളത്തിന് അകത്തും പുറത്തും നിന്നായി നിരവധി സഹായ വാഗ്ദാനങ്ങള്‍ പദ്ധതിയെ തേടി എത്തുന്നുണ്ട്. മറ്റു ജില്ലകളിലേക്കുകൂടി പദ്ധതിയുടെ സേവനം ഉടന്‍ ലഭ്യമാക്കാനാണ് സംഘാടകരുടെ ശ്രമം.
Next Story

RELATED STORIES

Share it