World

മമ്മീ എനിക്ക് മരിക്കേണ്ട; വിലാപവുമായി അഗ്നിപര്‍വത ദുരന്തത്തെ അതിജീവിച്ച കുട്ടി

ഫ്യൂഗോ: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച സംഭവ ശേഷം കുട്ടികള്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിപ്പെട്ടുവെന്നു മനോരോഗ വിദഗ്ധര്‍. ആറു വയസ്സുകാരി കാത്തിയുടെ അവസ്ഥയാണ് ഇതിനു തെളിവായി പറയുന്നത്. “മമ്മീ, എനിക്കു മരിക്കണ്ട’ എന്നു പറഞ്ഞാണ് അവള്‍ ഏതുനേരവും നിലവിളിക്കുന്നത്. ഫ്യൂഗോ അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനം കാരണം എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയ 12,000 ഗ്വാട്ടിമാല സിറ്റി നിവാസികളില്‍ ഒരുവളാണു കാത്തി.
അവളുടെ 14 വയസ്സുള്ള സഹോദരി ഉള്‍പ്പെടെ 197 പേരെ സ്‌ഫോടനത്തെ തുടര്‍ന്നു കാണാതായിട്ടുണ്ട്. 110 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുഞ്ഞുങ്ങളാണു അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ എന്നാണു മാനസികരോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. സ്‌ഫോടനത്തിന്റെയും അതിന്റെ ഭാഗമായി പ്രദേശമൊട്ടാകെ പുക മേഘം വന്നു മൂടിയതിന്റെയും ഞെട്ടലില്‍ നിന്നു കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ ഏറെകാലമെടുക്കും എന്നും ഇവര്‍ പറയുന്നു. ഉറ്റവര്‍ മരണപ്പെട്ടതും വീടുള്‍പ്പെടെ പ്രിയപ്പെട്ടതെല്ലാം നശിച്ചതും കുഞ്ഞുങ്ങളുടെ മാനസികനിലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അഗ്നിപര്‍വത സ്‌ഫോടന ശേഷം ഏറ്റവും ഭീകരമായ ദൃശ്യം കണ്ടതിന്റെ ഞെട്ടലിലാണു ദുരിതാശ്വാസ പ്രവര്‍ത്തകര്‍. ഒരു കിടക്കയില്‍ കെട്ടിപ്പുണര്‍ന്നു കിടക്കുന്ന നിലയില്‍ ആറു കുഞ്ഞുങ്ങളുടെ മൃതദേഹം കാണപ്പെട്ടത് എല്ലാവരെയും തകര്‍ത്തുവെന്നു ദുരിതാശ്വാസ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. എന്നാല്‍ ആറു മാസം പ്രായമുള്ള എസ്മരാള്‍ദ ലോപസ് എന്ന കുഞ്ഞിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ദിവസങ്ങള്‍ക്കു ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ കണ്ടെത്തിയിരുന്നു.
ഗ്വാട്ടിമാല സിറ്റിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായാണു ഫ്യൂഗോ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. 3500ഓളം കുടുംബങ്ങള്‍ക്കാ ണ്  ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it