malappuram local

മമ്പാട് പഞ്ചായത്ത് നേതൃമാറ്റം; ലീഗില്‍ ഭിന്നത രൂക്ഷം

നിലമ്പൂര്‍: ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണം കൈയാളുന്ന മമ്പാട് ഗ്രാമപ്പഞ്ചായത്തില്‍ നേതൃമാറ്റത്തെ ചൊല്ലി ലീഗില്‍ ഭിന്നത രൂക്ഷം.സിപിഎം, ലീഗ്, കോണ്‍ഗ്രസ് ത്രികോണമത്സരം നടന്ന കാട്ടുമുണ്ട വാര്‍ഡില്‍ നിന്നും  ലീഗ് സ്വതന്ത്ര വിജയിച്ച കണ്ണിയന്‍ റുഖിയയാണ് പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫ് ധാരണ പ്രകാരം രണ്ടര വര്‍ഷം പ്രസിഡന്റ് പദം കോണ്‍ഗ്രസിനാണെങ്കിലും കോണ്‍ഗ്രസില്‍ വനിത അംഗം ഇല്ലാത്തത് ലീഗിന് അനുഗ്രഹമായി. അതേസമയം പ്രസിഡന്റ് പദത്തെ ചൊല്ലി തുടക്കത്തിലെ ലീഗില്‍ ഭിന്നതയുണ്ടായിരുന്നു. നിലവില്‍ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷയായ കാഞ്ഞിരാല സെമീനക്ക് പ്രസിഡന്റ് പദവി നല്‍ക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ലീഗിലെ വാക്കാലുള്ള ധാരണപ്രകാരം കണ്ണിയന്‍ റുഖിയയെ ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റാക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കാപ്രത്ത് മുഹമ്മദാലി പറഞ്ഞു. ധാരണ പ്രകാരമുള്ള കാലാവധി അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി ഈ കാര്യം കണ്ണിയന്‍ റുഖിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷവും റുഖിയതന്നെ പ്രസിഡന്റായി തുടരണമെന്നാണ് കാട്ടുമുണ്ട വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ നിലപാട്. വാര്‍ഡ് പ്രസിഡന്റ്  വിദേശത്ത് ആയതിനാല്‍ ഫെബ്രുവരി 15 ന് ശേഷം കമ്മിറ്റി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്നാണ് വാര്‍ഡ് കമ്മിറ്റി നിലപാട്. സമര്‍ധം ശക്തമാക്കിയാല്‍ മെമ്പര്‍സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും വാര്‍ഡ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. രാജിയുണ്ടായാല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 19 അംഗ ബോര്‍ഡില്‍ ലീഗിന് ഏഴും കോണ്‍ഗ്രസിന് മൂന്നും സിപിഎമ്മിന് ഒമ്പതും അംഗങ്ങളാണുള്ളത്.ഏപ്രില്‍ മാസത്തിലാണ് രണ്ടരവര്‍ഷം പൂര്‍ത്തിയാവുക. പാര്‍ട്ടി ധാരണപ്രകാരമുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടിലാണ് പഞ്ചായത്ത് കമ്മിറ്റി.
Next Story

RELATED STORIES

Share it