മമതയ്ക്കും ജയക്കും തുണയായത് ജനപ്രിയ പദ്ധതികള്‍

മമതയ്ക്കും ജയക്കും തുണയായത് ജനപ്രിയ പദ്ധതികള്‍
X
mamta-jayaചെന്നൈ/കൊല്‍ക്കത്ത: മിക്ക ഭരണകക്ഷിക്കും എക്കാലത്തും പേടിസ്വപ്‌നമാണ് ഭരണവിരുദ്ധ വികാരം. ഇത് മറികടക്കാന്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി ജനമനസ്സുകള്‍ കീഴടക്കുകയാണു പതിവ്. ഈ തന്ത്രമാണ് 32 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടില്‍ തുടര്‍ഭരണത്തിന് ജയലളിതയ്ക്ക് വഴിയൊരുക്കിയത്. പശ്ചിമ ബംഗാള്‍ ജനത മമതാ ബാനര്‍ജിക്ക് രണ്ടാമൂഴം നല്‍കിയതിന് പിന്നിലെ രഹസ്യവും ഇതുതന്നെ.
ഭരണത്തിലേറിയ ഉടനെ ഗ്രാമീണജനതയെ കൈയിലെടുക്കുകയായിരുന്നു മമതയും ജയലളിതയും ആദ്യം ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങളിലെ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും കേന്ദ്രീകരിക്കപ്പെടുന്ന നഗരവാസികള്‍ മാറ്റത്തിന് കൊതിച്ചിരുന്നെങ്കിലും അണ്ണാ ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും തുണയായത് ഗ്രാമീണവോട്ടര്‍മാരാണ്. മമതാ ബാനര്‍ജിയുടെ രണ്ട് രൂപയ്ക്ക് അരി പദ്ധതി അവരുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്രം അനുവദിച്ച പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ആറു ലക്ഷം കുടുംബങ്ങളാക്കി ഉയര്‍ത്തുകയായിരുന്നു മമത. അതുകൊണ്ടു തന്നെ പാവങ്ങളുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മമതയ്ക്കായി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ബംഗാള്‍ സമ്പദ്‌വ്യവസ്ഥ ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ വ്യാവസായികമേഖലയും കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആളോഹരി വരുമാനത്തിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളിലും പശ്ചിമബംഗാള്‍ വന്‍ മുന്നേറ്റം നടത്തിയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ശാരദാ ചിട്ടി ഫണ്ട് അഴിമതി, നാരദ ഒളികാമറ വിവാദം തുടങ്ങിയവയൊന്നും മമതയുടെ നേട്ടങ്ങള്‍ക്കു മുന്നില്‍ തടസ്സമായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
സമാനമായ സാഹചര്യം തന്നെയാണ് തമിഴ്‌നാട്ടിലും. ഒട്ടനവധി ജനപ്രിയ പദ്ധതികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നിരവധി വസ്തുക്കള്‍ വിതരണം ചെയ്ത ജയലളിത സര്‍ക്കാര്‍, അമ്മ കാന്റീന്‍, അമ്മ വാട്ടര്‍ തുടങ്ങിയ പദ്ധതികള്‍ വഴി ചുരുങ്ങിയ ചെലവില്‍ സംസ്ഥാനത്ത് ജീവിക്കാന്‍ പര്യാപ്തമായ സാഹചര്യമൊരുക്കി.
വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, പഠനോപകരണങ്ങള്‍, ടാബ്‌ലറ്റ്, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, 190 രൂപയ്ക്ക് അമ്മ സിമന്റ്, വിവാഹ ധനസഹായം, താലി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളും ജയലളിത നടപ്പാക്കി. ഓരോ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നാല് ആട്, ഒരു പശു, ഗ്രൈന്റര്‍, ഫാന്‍ എന്നിവയും വിതരണം ചെയ്തു. മദ്യം ഘട്ടങ്ങളായി നിരോധിക്കുമെന്ന ജയലളിതയുടെ പ്രഖ്യാപനം സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it