മമതയുടെ സത്യപ്രതിജ്ഞയ്ക്ക് മോദിയും സോണിയയും

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും പങ്കെടുത്തേക്കും. ഈ മാസം 27നു നടക്കുന്ന ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരും പങ്കെടുത്തേക്കും. 8000 മുതല്‍ 10000 വരെ അതിഥികള്‍ ചടങ്ങിനെത്തുമെന്നാണു കരുതുന്നത്.
ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ് എന്നിവര്‍ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. പതിവിനു വിപരീതമായി റെഡ് റോഡിലാണ് ചടങ്ങ്. സാധാരണ രാജ്ഭവനിലാണു സത്യപ്രതിജ്ഞാ ചടങ്ങു സംഘടിപ്പിക്കാറ്. സത്യപ്രതിജ്ഞാ ചടങ്ങിനു നിരവധി മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ മമതയ്ക്ക് താല്‍പര്യമുണ്ടെന്നു സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി പറഞ്ഞു.
മുകേഷ് അംബാനി, വൈ സി ദേവേശ്വര്‍ തുടങ്ങിയ വ്യവസായികളെയും പങ്കെടുപ്പിക്കും. അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ സിനിമാ താരങ്ങളും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പങ്കെടുക്കും. ഇടതുപാര്‍ട്ടികളില്‍ നിന്ന് ആരെയും ക്ഷണിക്കാനിടയില്ല.
Next Story

RELATED STORIES

Share it