മന്‍മോഹന്‍ സിങിനെ വിളിച്ച് വരുത്തില്ലെന്നു കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കോടതിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സിബിഐ കോടതി തള്ളി. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കേസില്‍ പ്രതിയുമായ മധു കോഡ സമര്‍പ്പിച്ച ഹരജിയാണ് സിബിഐ പ്രത്യേക കോടതി തള്ളിയത്. നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പിനു നിയമവിരുദ്ധമായി ക ല്‍ക്കരിപ്പാടം അനുവദിച്ച ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതിനു മന്‍മോഹന്‍ സിങിനെതിരേ പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതു ചോദ്യംചെയ്ത് മധു കോഡ സമര്‍പ്പിച്ച ഹരജിയാണു പ്രത്യേക സിബിഐ ജഡ്ജി ഭരത് പരാശര്‍ ഇന്നലെ തള്ളിയത്.

അഴിമതി നടന്ന സമയത്ത് ഖനി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങിനെയും ഊര്‍ജ വകുപ്പ് സെക്രട്ടറിയായിരുന്ന ആനന്ദ് സ്വരൂപ്, ഖനി, ജിയോളജി സെക്രട്ടറി ജയ്ശങ്കര്‍ തിവാരി എന്നിവരെയും കേസില്‍ പ്രതിചേര്‍ക്കണമെന്നായിരുന്നു കോഡ തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കല്‍ക്കരി വകുപ്പിന്റെ ചുമതലകൂടിയുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കേസില്‍ ഒരു പങ്കുമുണ്ടായിരുന്നില്ലെന്നു കാണിക്കാന്‍ സിബിഐ ശ്രമിച്ചുവെന്ന് കോഡ ഹരജിയി ല്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, ജിന്‍ഡാല്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടം അനുവദിക്കാന്‍ ശുപാര്‍ശചെയ്തത് കോഡയാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന്റെ പ്രധാന ദൃക്‌സാക്ഷികള്‍ ആനന്ദ് സ്വരൂപും ജയ്ശങ്ക ര്‍ തിവാരിയുമാണ്.

ജാര്‍ഖണ്ഡിലെ അമര്‍ക്കോണ്ട മുര്‍ഗഡങ്കല്‍ കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനികളായ ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍ ലിമിറ്റിഡ്, ഗഗന്‍ സ്‌പോഞ്ച് അയണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് അനുവദിച്ചതി ല്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോഡയ്‌ക്കെതിരേ കേസുള്ളത്. വ്യവസായി നവീന്‍ ജിന്‍ഡാല്‍, മുന്‍ ഖനിവകുപ്പ് സഹമന്ത്രി ദേസരി നാരായണ്‍ റാവു, മുന്‍ ഖനി സെക്രട്ടറി എച്ച് സി ഗുപ്ത, മറ്റ് 11 പേരും ഈ കേസില്‍ പ്രതികളാണ്. ഇതിനു പുറമെ ജിന്‍ഡാലിന്റെ രണ്ടു കമ്പനികളടക്കം അഞ്ചു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. 120-ബി (ക്രിമിനല്‍ ഗൂഢാലോചന), ചതി, കല്‍ക്കരി മന്ത്രാലയത്തെ തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടെന്നു കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പിയായിരുന്ന ജിന്‍ഡാല്‍ കമ്പനി ഉടമ നവീന്‍ ജിന്‍ഡാലിനെ സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. 2008ല്‍ കല്‍ക്കരി ഖനി കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, കല്‍ക്കരി മന്ത്രാലയത്തെ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന കേസിലാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നത്. എന്നാല്‍, ഈ കേസില്‍ മന്‍മോഹന്‍ സിങിന് പ്രത്യേക കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. കേസില്‍ മന്‍മോഹന്‍ സിങിനെതിരായ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it