മന്നം സമുദായത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല: കര്‍ദിനാള്‍

ചങ്ങനാശ്ശേരി: രാഷ്ട്രീയനേട്ടത്തിനായി മന്നം ഒരിക്കല്‍പ്പോലും സമുദായത്തെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതരത്വ ഭാവനയാണ് കേരളത്തിനാവശ്യമെന്നും കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. 139ാമത് മന്നം ജയന്തി സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആത്മാവിനെ നുള്ളിനോവിക്കുന്ന പ്രവര്‍ത്തനങ്ങളുമായി നമുക്ക് കൂട്ടുചേരാനാവില്ല. ഒപ്പം മതഭീകരര്‍ക്ക് ഭാരതത്തെ വിട്ടുകൊടുക്കാനുമാവില്ല. ഭരണഘടന ഉണ്ടാവുന്നതിനു മുമ്പേ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ച പാരമ്പര്യമാണ് ഹൈന്ദവ സമൂഹത്തിനുള്ളത്. അത് തുടര്‍ന്നുപോവാന്‍ എന്‍എസ്എസ് മുന്‍പന്തിയിലുണ്ടാവണം. ഇതര സമുദായങ്ങള്‍ക്ക് ദോഷകരമായത് ഒന്നും പ്രവര്‍ത്തിക്കരുതെന്ന ആചാര്യന്റെ ഉപദേശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുന്ന സമീപനമാണ് എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. ചില പുഴുക്കുത്തുകള്‍ സമുദായത്തിനു ദോഷമായി വന്നപ്പോഴാണ് മന്നം മുന്നോട്ടുവന്നതും മറ്റുള്ളവര്‍ക്കു ദോഷമുണ്ടാവാത്ത അനുഗ്രഹീത സമീപനം സ്വീകരിച്ചതും. നാട് കൂടുതല്‍ ഊഷ്മളമായ ബന്ധത്തില്‍ പോവാന്‍ മതേതരത്വ സമീപനവുമായി എന്‍എസ്എസ് എപ്പോഴും മുന്നിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ അഡ്വ. സി കെ മേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it