മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവ് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രാഥമികാന്വേഷണം നടത്തി തുടരന്വേഷണം വേണ്ടതില്ലെന്ന് കണ്ടെത്തിയതാണെന്നും അന്വേഷണം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ വിജിലന്‍സ് കോടതിയെയാണ് സമീപിക്കേണ്ടതെന്നും വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേശ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ നല്‍കിയ ഹരജിയിലാണ് വിശദീകരണം.
വിജിലന്‍സിന് മുമ്പാകെ ആരോപണമുയരുമ്പോള്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം ഉപേക്ഷിക്കാനും അധികാരമുണ്ട്. ഡയറക്ടറുടെ പരിഗണനയിലുള്ള വിഷയത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികളെയും സമീപിക്കാം. ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പ്രാഥമികാന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അനാവശ്യമാണ്.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയപ്പോഴാണ് ബാബുവിന് 10 കോടി കോഴ നല്‍കിയെന്ന ആരോപണമുന്നയിച്ചത്. എന്നാല്‍, കോഴ നല്‍കിയത് കേട്ടുകേള്‍വി മാത്രമാണെന്ന രീതിയിലാണ് ആരോപണമുന്നയിച്ചവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. മാര്‍ച്ചിലാണ് ബാര്‍ ലൈസന്‍സ് തീരുമാനമുണ്ടായത്. പണം നല്‍കിയെന്ന് പറയുന്നത് ഏപ്രിലില്‍ ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it