Flash News

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപോര്‍ട്ട് പുറത്ത്



ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ നിലംനികത്തലും ഭൂമി കൈയേറ്റവും സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് പുറത്തായി. നെല്‍വയല്‍ നികത്തി മന്ത്രിയുടെ റിസോര്‍ട്ടായ ലേക് പാലസിലേക്ക് റോഡ് നിര്‍മിച്ചെന്നും മന്ത്രിയുടെ സഹോദരിയുടെ പേരിലുള്ള നിലംനികത്തി പാര്‍ക്കിങ് സ്ഥലമാക്കിയെന്നും കലക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. പാടശേഖരത്തിന്റെ പുറംബണ്ട് വീതി കൂട്ടി പാര്‍ക്കിങ് സ്ഥലത്തിനൊപ്പം ചേര്‍ത്തെന്നും കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി കൈയേറുക എന്ന ലക്ഷ്യത്തോടെ പൊതുറോഡും പുറമ്പോക്കും മണ്ണിട്ട് നികത്തിയെന്നും ഇതു കേരള ഭൂസംരക്ഷണ നിയമപ്രകാരം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും കലക്ടര്‍ റിപോര്‍ട്ടില്‍ പറയുന്നു.വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ്് നിര്‍മാണത്തിനായി മൂന്നിടത്ത് അനധികൃതമായി നിലംനികത്തിയെന്നും നിയമലംഘനം മറയ്ക്കാന്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ കത്ത് വ്യാജമായി ഉണ്ടാക്കിയെന്ന സംശയവും റിപോര്‍ട്ടില്‍ ഉന്നയിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചാണ് വാട്ടര്‍ വേള്‍ഡ് കമ്പനി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചത്. ഇതിനായി ഒരു മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന പുറംബണ്ട് 12 മീറ്ററാക്കി. സ്ഥലം മന്ത്രിയുടെ സഹോദരി ലീലാമ്മയുടെ പേരിലാണെങ്കിലും നികത്തിയത് തോമസ് ചാണ്ടി ഉള്‍പ്പെട്ട വാട്ടര്‍ വേള്‍ഡ് കമ്പനിയാണ്. കൃഷി ഭൂമിയില്‍ കുറവു വന്നതായി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതില്‍ ജലസേചന വകുപ്പില്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും ബണ്ടിനു സമീപത്തെ തോട് ഗതി തിരിച്ചുവിട്ടതായും കലക്ടര്‍ കണ്ടെത്തി. ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ അധികാരം ഉപയോഗിക്കുമെന്നും കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായലിലെ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും കമ്പനി നികത്തി കൈവശപ്പെടുത്തി. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരം കമ്പനിക്കെതിരേ നടപടിയെടുക്കണം. നിലംനികത്തിയെന്നു തെളിഞ്ഞാല്‍ കേരള നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും റിപോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം ഇവിടെ അട്ടിമറിക്കപ്പെട്ടു. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പരിധിയില്‍ കൂടുതല്‍ ഭൂമികളുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. കൈയേറ്റ ആരോപണത്തില്‍ പ്രതിരോധത്തിലായ തോമസ് ചാണ്ടിയെ പൂര്‍ണമായും കുരുക്കുന്നതാണ് ജില്ലാ കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it