മന്ത്രി ജയരാജന്റെ കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി/തിരുവനന്തപുരം : ശബരിമല സുപ്രിംകോടതി ഉത്തരവിനെതിരേ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ റോഡിലെ കേരളാ ഹൗസിനു മുന്നില്‍ സമരം നടത്തിയ പ്രതിഷേധക്കാര്‍ മന്ത്രി ഇ പി ജയരാജന്റെ കാര്‍ തടഞ്ഞു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുള്ള ഒരു യുവാവ് ഓടിവന്നു മന്ത്രിയുടെ കാറിനു മുന്നില്‍ കിടക്കുകയും ചെയ്തു. പിന്നീട് പോലിസ് എത്തി പണിപ്പെട്ടാണ് കാര്‍ സമരക്കാര്‍ക്കിടയില്‍ നിന്നു പുറത്തിറക്കിയത്. കേരളാ ഹൗസിന്റെ പിന്‍വശത്തുള്ള ഗേറ്റിലൂടെയാണ് മന്ത്രിയുടെ വാഹനത്തിന് അകത്തു കടക്കാനായത്.
ഒരു സംഘടനയുടെയും ബാനറിലല്ലാതെ ഉച്ചയ്ക്കു മുമ്പു തന്നെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമരം തുടങ്ങിയിരുന്നു. വൈകീട്ടോടെ രണ്ടുംമൂന്നും കൂട്ടമായി പ്രതിഷേധക്കാര്‍ കേരളാ ഹൗസിനു മുന്നിലൂടെ പ്രകടനം നടത്തി. ഇതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞു കേരളാ ഹൗസിലേക്കെത്തിയപ്പോഴാണ് മന്ത്രിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.
മന്ത്രിയുടെ കാര്‍ കേരളാ ഹൗസിന് അകത്തേക്കു കയറ്റിവിടാതെ സമരക്കാര്‍ തടസ്സം നില്‍ക്കുകയായിരുന്നു. പ്രതിഷേധം കാരണം കേരളാ ഹൗസിനു മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുള്ള നിവേദനം നല്‍കാന്‍ കേരളാ ഹൗസിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. ഇതോടെ, പ്രതിഷേധക്കാര്‍ കൂട്ടം കൂടി നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. ഈ സമയം സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വിജയരാഘവനും കെ രാധാകൃഷ്ണനും കാറില്‍ കേരളാ ഹൗസിനുള്ളിലേക്കു പോയി. പിന്നാലെയാണ് മന്ത്രി ജയരാജന്റെ വാഹനം എത്തിയത്.
ജയരാജന്റെ വാഹനം പിറകുവശം വഴി കേരളാ ഹൗസിന് അകത്തു കടന്നതോടെ കെ രാധാകൃഷ്ണന്‍ പുറത്തിറങ്ങി വന്നു നിവേദനം നല്‍കാനുള്ളവരെ അകത്തേക്കു വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തുടര്‍ന്ന്, 10ഓളം സമരക്കാര്‍ കേരളാ ഹൗസിനുള്ളില്‍ പ്രവേശിച്ച് മന്ത്രി എ കെ ബാലനെ കണ്ടു നിവേദനം നല്‍കി.

Next Story

RELATED STORIES

Share it