മന്ത്രി കെ സി ജോസഫിനെതിരേ കോടതിയലക്ഷ്യത്തിന് നടപടി

കൊച്ചി/തിരുവനന്തപുരം: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി കെ സി ജോസഫിനോട് നേരിട്ട് ഹാജാരാവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിയുടെ പരാമര്‍ശം ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നും കുറ്റപത്രം നല്‍കുന്നതിനായി ഫെബ്രുവരി 16ന് നേരിട്ട് ഹാജരാവാനുമാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
വി ശിവന്‍കുട്ടി എംഎല്‍എ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതിക്കായി കാത്തുനില്‍ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അനുമതിയപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്ന് അഡ്വക്കറ്റ് ജനറലിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടു. കെ സി ജോസഫ് മറുപടി സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, അഡ്വ. ജനറലിന്റെ അനുമതിക്ക് കാത്തുനില്‍ക്കുന്നില്ലെന്നും ഹരജിക്കാരനായ ശിവന്‍കുട്ടി സമര്‍പ്പിച്ച മാധ്യമ റിപോര്‍ട്ടുകളില്‍നിന്ന് പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കോടതിയലക്ഷ്യം നടന്നുവെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. മന്ത്രിയുടെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യമെന്ന് കോടതി കണ്ടെത്തിയത്.
അതേസമയം, കോടതിയോട് തനിക്ക് അങ്ങേയറ്റത്തെ ആദരവും ബഹുമാനവും മാത്രമാണെന്നും തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും കെ സി ജോസഫ് പ്രതികരിച്ചു. കോടതിയോട് അനാദരവായി തന്റെ ഭാഗത്തു നിന്ന് യാതൊരുവിധ പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ സി ജോസഫ് അടിയന്തരമായി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ന്യായാധിപനെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണിതെന്നാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയിട്ടുള്ളത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ഭരണഘടനാലംഘനമാണെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it